ബോണ്ടായ് ബീച്ച് ഭീകരാക്രമണത്തിലെ ഹീറോ അഹമ്മദിനെതിരെ സ്വന്തം സഹോദരങ്ങളുടെ വധഭീഷണി; പണം തട്ടാൻ ശ്രമിച്ച കേസ് കോടതിയിൽ

സിഡ്‌നി: ബോണ്ടായ് ബീച്ച് ഭീകരാക്രമണത്തിനിടെ തോക്കുധാരിയെ കീഴ്‌പ്പെടുത്തി ലോകശ്രദ്ധ നേടിയ അഹമ്മദ് അൽ അഹമ്മദിനെ സ്വന്തം സഹോദരങ്ങൾ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതായി പരാതി. ആക്രമണത്തിൽ പരിക്കേറ്റ അഹമ്മദിനായി ഓൺലൈൻ വഴി സമാഹരിച്ച തുകയിൽ നിന്നും രണ്ടു ലക്ഷം ഡോളർ ആവശ്യപ്പെട്ടാണ് സഹോദരങ്ങളായ ഹോസിഫ അൽ അഹമ്മദ്, സമേഹ് അൽ അഹമ്മദ് എന്നിവർ ഭീഷണി മുഴക്കിയത്. കേസിൽ ഇരുവരും സിഡ്‌നി കോടതിയിൽ ഹാജരായി.

കഴിഞ്ഞ ഡിസംബർ 14-ന് സിഡ്‌നിയിലെ ബോണ്ടായ് ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെയുണ്ടായ യഹൂദവിരുദ്ധ ഭീകരാക്രമണത്തിലാണ് അഹമ്മദ് അൽ അഹമ്മദ് ധീരമായ ഇടപെടൽ നടത്തിയത്. തോക്കുധാരിയായ സാജിദ് അക്രമിൽ നിന്ന് ആയുധം പിടുത്തുവാങ്ങാൻ ശ്രമിക്കുന്നതിനിടെ അഹമ്മദിന് വെടിയേൽക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. 15 പേർ കൊല്ലപ്പെട്ട ഈ ഭീകരാക്രമണത്തിൽ സ്വന്തം ജീവൻ പണയപ്പെടുത്തി അഹമ്മദ് നടത്തിയ പോരാട്ടം അന്താരാഷ്ട്ര തലത്തിൽ വലിയ വാർത്തയായിരുന്നു. തുടർന്ന് ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കും മറ്റുമായി ഓൺലൈൻ ക്രൗഡ് ഫണ്ടിംഗ് വഴി 25 ലക്ഷത്തിലധികം ഡോളറാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ സംഭാവനയായി നൽകിയത്.

ഈ തുക ലക്ഷ്യമിട്ടാണ് സ്വന്തം സഹോദരങ്ങൾ അഹമ്മദിനെതിരെ തിരിഞ്ഞതെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. മേയ് ഏഴിന് ഇവർ അഹമ്മദിനെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കുകയായിരുന്നു. അഹമ്മദിന്റെ തല ബൂട്ടിനടിയിലിട്ട് ചതയ്ക്കുമെന്നും ബാക്കിയുള്ള കൈ കൂടി തല്ലിയൊടിക്കുമെന്നും മുഖം അടിച്ചുതകർക്കുമെന്നും ഹോസിഫ ഭീഷണിപ്പെടുത്തിയതായി കോടതി രേഖകളിൽ പറയുന്നു. രണ്ടുപേർക്കുമായി ഒരു ലക്ഷം ഡോളർ വീതം നൽകിയില്ലെങ്കിൽ വെറുതെ വിടില്ലെന്നായിരുന്നു ഭീഷണി.

എന്നാൽ, ഫോൺ വഴി ഭീഷണിപ്പെടുത്തിയെന്ന കുറ്റം സിഡ്‌നി കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതികൾ നിഷേധിച്ചു. കേസിൽ ജൂലൈ മാസത്തിൽ കോടതി വീണ്ടും വാദം കേൾക്കും.

അതേസമയം, ബോണ്ടായ് ബീച്ച് ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന റോയൽ കമ്മീഷന്റെ ആദ്യഘട്ട തെളിവെടുപ്പ് ഈ മാസം ആദ്യം ആരംഭിച്ചിരുന്നു. ആക്രമണം തടയുന്നതിൽ സുരക്ഷാ ഏജൻസികൾക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് കഴിഞ്ഞ മാസം സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും, ഓസ്‌ട്രേലിയയുടെ ഭീകരവിരുദ്ധ പ്രതിരോധ സംവിധാനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ഭീകരാക്രമണം നടത്തിയ നവീദ് അക്രം നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ പിതാവും കൂട്ടുപ്രതിയുമായ സാജിദ് അക്രമിനെ ആക്രമണത്തിനിടെ പോലീസ് വെടിവെച്ചുകൊന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *