മെൽബൺ: മെൽബണിന് സമീപമുള്ള അവലോൺ വിമാനത്താവളത്തിൽ വെച്ച് യാത്രക്കാരുമായി പുറപ്പെടാൻ തയ്യാറായ വിമാനം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പ്രതിയായ പത്തൊൻപതുകാരന് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നതായി പ്രോസിക്യൂഷൻ. കേസിന്റെ ഗൗരവം കണക്കിലെടുത്ത് വിചാരണ ചിൽഡ്രൻസ് കോടതിയിൽ നിന്നും സുപ്രീം കോടതിയോ കൗണ്ടി കോടതിയോ പോലുള്ള ഉയർന്ന കോടതികളിലേക്ക് മാറ്റണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ രംഗത്തെത്തി.
2025 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അവലോൺ വിമാനത്താവളത്തിൽ നിന്നും സിഡ്‌നിയിലേക്ക് 160 യാത്രക്കാരുമായി പുറപ്പെടാനിരുന്ന ജെറ്റ്‌സ്റ്റാർ വിമാനത്തിനുള്ളിലേക്ക് വ്യാജ ബോംബും തോക്കുമായി ഈ കൗമാരക്കാരൻ അതിക്രമിച്ചു കയറുകയായിരുന്നു. സംഭവസമയം പ്രതിക്ക് 17 വയസ്സായിരുന്നു പ്രായം. ബുധനാഴ്ച വീഡിയോ കോൺഫറൻസിങ് വഴി ചിൽഡ്രൻസ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കേസ് ഉയർന്ന കോടതിയിലേക്ക് മാറ്റണമെന്ന് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടത്.
പ്രതിക്ക് പിന്നിൽ വ്യക്തമായ പ്രത്യയശാസ്ത്രപരമോ രാഷ്ട്രീയപരമോ ആയ അജണ്ടകൾ ഉണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചെങ്കിലും ഇതിന്റെ കൃത്യമായ വിശദാംശങ്ങൾ പരസ്യമായി കോടതിയിൽ ചർച്ച ചെയ്തില്ല. ചിൽഡ്രൻസ് കോടതിക്ക് നൽകാൻ കഴിയുന്ന പരമാവധി ശിക്ഷ രണ്ടു വർഷത്തെ മേൽനോട്ട ഉത്തരവ് (supervision order) മാത്രമാണെന്നും, സമൂഹത്തിന്റെ സുരക്ഷ മുൻനിർത്തിയും കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിച്ചും ഈ ശിക്ഷ ഒട്ടും പര്യാപ്തമല്ലെന്നും പ്രോസിക്യൂട്ടർ വാദിച്ചു. കേസിൽ ജൂറിയുടെ സാന്നിധ്യത്തിൽ വിചാരണ നടക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
എന്നാൽ പ്രോസിക്യൂഷന്റെ ഈ ആവശ്യത്തെ പ്രതിഭാഗം അഭിഭാഷകൻ ശക്തമായി എതിർത്തു. വിമാനം തട്ടിക്കൊണ്ടുപോകാൻ പ്രതിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നുവെന്ന വാദം ഇപ്പോഴും അസ്പഷ്ടമാണെന്ന് പ്രതിഭാഗം വാദിച്ചു. കൂടാതെ, കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രതി കടുത്ത മാനസിക അസ്വാസ്ഥ്യം നേരിട്ടിരുന്നതായും ഇതിനെ പ്രതിരോധമായി കോടതിയിൽ ഉയർത്തുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.
2024 ഒക്ടോബർ മുതൽ തന്നെ പ്രതി വിമാനം തട്ടിക്കൊണ്ടുപോകാൻ ആസൂത്രണം നടത്തിയിരുന്നു എന്ന പ്രോസിക്യൂഷൻ വാദവും പ്രതിഭാഗം തള്ളി. സിറിയൻ വിമാനത്താവളങ്ങളെക്കുറിച്ചും സൈനിക വിമാനങ്ങൾ വെടിവെച്ചിടുന്നതിനെക്കുറിച്ചും പ്രതി ഇന്റർനെറ്റിൽ തിരഞ്ഞിരുന്നു എന്നായിരുന്നു പ്രോസിക്യൂഷൻ കണ്ടെത്തൽ. എന്നാൽ ഇന്റർനെറ്റ് ഹിസ്റ്ററി പരിശോധിച്ചാൽ പ്രതിക്ക് ഏവിയേഷൻ രംഗത്തോടുള്ള താല്പര്യം മാത്രമാണ് ഇതെന്നു വ്യക്തമാകുമെന്ന് അഭിഭാഷകൻ വാദിച്ചു. നിലവിലെ സാഹചര്യത്തിൽ ചിൽഡ്രൻസ് കോടതിക്ക് തന്നെ ഉചിതമായ ശിക്ഷാവിധികൾ പ്രഖ്യാപിക്കാൻ അധികാരമുണ്ടെന്നും അതിനാൽ കേസ് മാറ്റരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
ഇരുഭാഗത്തിന്റെയും വാദങ്ങൾ കേട്ട മജിസ്‌ട്രേറ്റ്, കേസ് ഡയറിയും മറ്റ് രേഖകളും വിശദമായി പരിശോധിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്ന് അറിയിച്ചു. കേസ് വരുന്ന ജൂൺ മാസത്തിൽ ചിൽഡ്രൻസ് കോടതി വീണ്ടും പരിഗണിക്കും.

