സിഡ്‌നി: അലിസ് സ്പ്രിങ്സിൽ അതിക്രൂരമായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരി കുമഞ്ജായി ലിറ്റിൽ ബേബിയുടെ കുടുംബാംഗങ്ങളെ നേരിൽ കണ്ട് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്. രാജ്യം മുഴുവൻ ഈ ദുഃഖത്തിൽ കുടുംബത്തിനൊപ്പമുണ്ടെന്ന് ഉറപ്പുനൽകിയ പ്രധാനമന്ത്രി, ഗോത്രവർഗ്ഗക്കാരായ തദ്ദേശീയ ജനവിഭാഗങ്ങളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ടെന്ന് തുറന്നുസമ്മതിച്ചു.
കഴിഞ്ഞ ഏപ്രിൽ 25-ന് വടക്കൻ ഓസ്‌ട്രേലിയയിലെ അലിസ് സ്പ്രിങ്സിലുള്ള ഒരു ടൗൺ ക്യാമ്പിൽ നിന്നും തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരിയെ ദിവസങ്ങൾക്ക് ശേഷമാണ് വിജനമായ പ്രദേശത്ത് മരിച്ച നില യിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 47 വയസ്സുകാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാൾക്കെതിരെ കൊലപാതകക്കുറ്റവും ലൈംഗികാതിക്രമ കുറ്റങ്ങളും ചുമത്തുകയും ചെയ്തിരുന്നു.
കുട്ടിയുടെ അമ്മയെയും മുത്തശ്ശീമുത്തശ്ശന്മാരെയും നേരിൽ കണ്ട് സംസാരിച്ച ശേഷമാണ് പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ടത്. “വളരെ ചെറിയ പ്രായത്തിൽ, താങ്ങാനാകാത്ത സാഹചര്യങ്ങളിലാണ് ആ കുഞ്ഞിന്റെ ജീവൻ നഷ്ടമായത്. രാജ്യം മുഴുവൻ തങ്ങൾക്കൊപ്പമുണ്ടെന്ന സന്ദേശമാണ് കുടുംബത്തെ അറിയിച്ചത്. കടുത്ത വേദനയിലും അവർ കാണിക്കുന്ന ആത്മസംയമനം വിലമതിക്കാനാവാത്തതാണ്. തങ്ങളുടെ മകളെ യും കൊച്ചുമകളെയും കുറിച്ച് അവർക്ക് വലിയ അഭിമാനമുണ്ട്, ഒപ്പം അവൾ വളർന്ന് വലിയൊരു സ്ത്രീയായി മാറുന്നത് കാണാൻ കഴിഞ്ഞില്ലല്ലോ എന്ന വലിയ സങ്കടവും,” അൽബനീസ് പറഞ്ഞു.
കുട്ടിയുടെ മരണത്തെത്തുടർന്ന് ചൈൽഡ് പ്രൊട്ടക്ഷൻ നിയമങ്ങളിൽ ഭേദഗതി വരുത്താനും അന്വേഷണം പ്രഖ്യാപിക്കാനും നോർത്തേൺ ടെറിട്ടറി സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ നോർത്ത് ഓസ്‌ട്രേലിയൻ അബോറിജിനൽ ജസ്റ്റിസ് ഏജൻസി ഉൾപ്പെടെയുള്ള പ്രമുഖ തദ്ദേശീയ നിയമസഹായ സംഘടനകൾ ഇതിനെ തിരെ സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തി. തദ്ദേശീയരായ കുട്ടികളെ കുടുംബങ്ങളിൽ നിന്നും മാറ്റുന്നത് എളുപ്പമാക്കുന്ന ഈ പുതിയ ഭേദഗതികൾ, അടിസ്ഥാനപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണു ന്നതിൽ പരാജയപ്പെടുമെന്നും സർക്കാർ ഇടപെടലുകൾ വർദ്ധിപ്പിക്കുകയേ ഉള്ളൂ എന്നുമാണ് സംഘടനകളുടെ ആക്ഷേപം.
ഈ പശ്ചാത്തലത്തിൽ, തദ്ദേശീയ സമൂഹവുമായി ബന്ധപ്പെട്ട നയരൂപീകരണങ്ങളിൽ അവിടുത്തെ ജന വിഭാഗങ്ങളെക്കൂടി പങ്കാളികളാക്കാൻ ടെറിട്ടറി സർക്കാർ തയ്യാറാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കാര്യങ്ങൾ കൂടുതൽ ഉൾക്കൊള്ളുന്ന ശൈലിയിലൂടെയും കൂട്ടായ ചർച്ചകളിലൂടെയും മാത്രമേ മികച്ച ഫലങ്ങൾ ഉണ്ടാക്കാൻ സാധിക്കൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കൂടാതെ, 2012 മുതൽ ടൗൺ ക്യാമ്പുകളുടെ പൂർണ്ണ ചുമതല നോർത്തേൺ ടെറിട്ടറി സർക്കാരിനാണെന്നിരിക്കെ, അവിടുത്തെ ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ഇനിയും ഏറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, കുട്ടിയുടെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ടുള്ള ആചാരങ്ങൾ പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ, തങ്ങളുടെ കുഞ്ഞിന്റെ വിയോഗത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് കുമഞ്ജായി ലിറ്റിൽ ബേബിയുടെ കുടുംബം ഓസ്‌ട്രേലിയൻ ജനതയോട് അഭ്യർത്ഥിച്ചു

