ബെർലിൻ: ചൈനയ്ക്കായി സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സാങ്കേതിക വിവരങ്ങൾ ശേഖരിച്ചെന്നാരോപിച്ച് ജർമ്മനിയിൽ ദമ്പതികളെ അറസ്റ്റ് ചെയ്തു. ഷ്യൂജുൻ സി., ഹുവ എസ്. എന്നീ പേരുകളിലാണ് ജർമ്മൻ അധികൃതർ ഇവരെ തിരിച്ചറിഞ്ഞിരിക്കുന്നത്. ജർമ്മൻ സർവകലാശാലകളിലെയും ഗവേഷണ സ്ഥാപനങ്ങളിലെയും ശാസ്ത്രജ്ഞരുമായി ബന്ധം സ്ഥാപിച്ച് രഹസ്യവിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചെന്നാണ് ഫെഡറൽ പ്രോസിക്യൂട്ടർമാരുടെ ആരോപണം.
എയ്റോസ്പേസ് എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ്, കൃത്രിമ ബുദ്ധി (AI) മേഖലകളിലെ ഗവേഷകരെയാണ് ഇവർ ലക്ഷ്യമിട്ടതെന്ന് അന്വേഷണസംഘം അറിയിച്ചു. ചില സാഹചര്യങ്ങളിൽ വിവർത്തകരായോ വാഹനനിർമാണ കമ്പനിയിലെ ജീവനക്കാരായോ നടിച്ച് ഗവേഷകരെ സമീപിച്ചതായും അധികൃതർ പറഞ്ഞു. പണം വാഗ്ദാനം ചെയ്ത് ചൈനയിൽ പ്രഭാഷണങ്ങൾക്ക് ക്ഷണിച്ച ഗവേഷകർക്ക് മുന്നിൽ യഥാർത്ഥത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള പ്രതിരോധ സ്ഥാപനങ്ങളിലെ പ്രതിനിധികളാണ് ഉണ്ടായിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.
ചൈനീസ് ഇന്റലിജൻസ് ഏജൻസിക്കായി പ്രവർത്തിച്ചുവെന്നാണ് ദമ്പതികൾക്കെതിരായ പ്രധാന ആരോപണം. സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഹൈടെക് വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ജർമ്മൻ അധികൃതർ വ്യക്തമാക്കി. അതേസമയം, ചാരവൃത്തി ആരോപണങ്ങൾ ചൈന നേരത്തെയും നിഷേധിച്ചിട്ടുള്ളതാണ്.

