വിൽനിയസ്: ഡ്രോൺ ഭീഷണിയെ തുടർന്ന് ലിത്വാനിയൻ പ്രസിഡന്റ് ജിതനാസ് നൗസേ ദയെയും പ്രധാനമന്ത്രി ഇങ്ക റുജിനിയെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ബെലാറസ് അതിർത്തിക്കു സമീപം സംശയാസ്പദമായ ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് ലിത്വാനിയൻ തലസ്ഥാനമായ വിൽനിയസിൽ അടിയന്തര ജാഗ്രത പ്രഖ്യാപിച്ചത്.
വിൽനിയസ് നഗരത്തിലെ ജനങ്ങളോട് ഉടൻ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ സൈന്യം നിർദേശം നൽകി. മുന്നറിയിപ്പിനെ തുടർന്ന് വിൽനിയസ് വിമാനത്താവളത്തിലെ വ്യോമഗതാഗതം താത്കാലികമായി നിർത്തിവെച്ചു.
പാർലമെന്റ് മന്ദിരത്തിലും ഒഴിപ്പിക്കൽ നടപടികൾ സ്വീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡ്രോൺ ലാത്വിയ ഭാഗത്തുനിന്ന് എത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. റഷ്യ-ഉക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് ബാല്ടിക് മേഖലയിൽ അടുത്തിടെ ഡ്രോൺ അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിലാണ് പുതിയ സംഭവം. നാറ്റോ സേന ജാഗ്രത ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.

