ദുബായ് സെക്‌സ് റാക്കറ്റ് കേസ്: മുഖ്യ ആസൂത്രക സിന്ധുവിനെ കൊച്ചിയിലെത്തിച്ചു

കൊച്ചി: മരട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര സെക്‌സ് റാക്കറ്റ് കേസിലെ മുഖ്യപ്രതി സിന്ധുവിനെ പോലീസ് മുംബൈയിൽ നിന്ന് കൊച്ചിയിലെത്തിച്ചു. മോഡലിംഗ്, ഫാഷൻ ഷോ, വിദേശ ജോലി തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി യുവതികളെ ദുബായിലേക്ക് കൊണ്ടുപോയി ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന കേസിലാണ് നടപടി.

ഗുരുവായൂർ തൈക്കാട് സ്വദേശിനിയായ സിന്ധു, ആലുവയിൽ താമസിച്ചുവരികയായിരുന്നു. രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ മുംബൈയിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. കേസിൽ ഇതിനകം അറസ്റ്റിലായ അലീന എബ്രഹാം, മഞ്ജിമ എന്നിവരുമായി സിന്ധുവിനെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഫാഷൻ ഷോ, മോഡലിംഗ്, ബ്യൂട്ടി പാർലർ ജോലി തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി യുവതികളെ യുഎഇയിലേക്ക് എത്തിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ദുബായിലെത്തിച്ച ശേഷം മയക്കുമരുന്ന് കലർത്തിയ പാനീയങ്ങൾ നൽകി ബോധരഹിതരാക്കി ലൈംഗികമായി ചൂഷണം ചെയ്തതായും ഒളിക്യാമറ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. യുവതികളുടെ പാസ്‌പോർട്ടുകളും ഫോണുകളും പിടിച്ചെടുത്തിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന സംഘത്തിന് അന്താരാഷ്ട്ര ബന്ധങ്ങളും ഗുണ്ടാസംഘങ്ങളുമായുള്ള ഇടപെടലുകളും ഉണ്ടോയെന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. രണ്ട് പ്രതികൾ വിദേശത്തുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *