നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദം: ടെലഗ്രാം ചാനലുകൾ നീക്കാൻ വിദ്യാഭ്യാസമന്ത്രിയുടെ നിർദേശം

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദം: ടെലഗ്രാം ചാനലുകൾ നീക്കാൻ വിദ്യാഭ്യാസമന്ത്രിയുടെ നിർദേശം

ന്യൂഡൽഹി: നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് ടെലഗ്രാം ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന വ്യാജ വിവരങ്ങൾക്കും ചാനലുകൾക്കും എതിരെ കർശന നടപടി സ്വീകരിക്കാൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ നിർദേശം നൽകി. പരീക്ഷാ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിലാണ് നടപടി സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും നാഷ്ണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) യുടെയും ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. മെറ്റ, ഗൂഗിൾ, ടെലഗ്രാം തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികളുമായും ചർച്ച നടത്തി. പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെന്ന പേരിൽ വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്ന ടെലഗ്രാം ചാനലുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും നിരീക്ഷണ വിധേയമാക്കിയതായി റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ മാസം നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. തുടർന്ന് വീണ്ടും പരീക്ഷ നടത്താൻ തീരുമാനിച്ചതായും കേന്ദ്ര സർക്കാർ അറിയിച്ചു. സംഭവത്തിൽ സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണം തുടരുകയാണ്. പരീക്ഷയുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനായി അടുത്ത വർഷം മുതൽ നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് മാറ്റാനുള്ള നീക്കവും കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *