2019ലെ പുൽവാമ ആക്രമണത്തിൻ്റെ മുഖ്യ ആസൂത്രകരിൽ ഒരാളായി ഇന്ത്യൻ അന്വേഷണ ഏജൻസികൾ ആരോപിച്ചിരുന്ന അൽ-ബദർ കമാൻഡർ ഹംസ ബുർഹാൻ പാകിസ്ഥാൻ അധീന കശ്മീരിലെ മുസാഫറാബാദിൽ വെടിയേറ്റ് കൊല്ലപ്പെട്ടതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അജ്ഞാത ആയുധധാരികളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.
ഹംസ ബുർഹാൻ അൽ-ബദർ സംഘടനയുമായി ബന്ധപ്പെട്ടിരുന്നുവെന്നും, പുൽവാമ ഭീകരാക്രമണ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിച്ച് ദേശീയ അന്വേഷണ ഏജൻസി (NIA) ചാർജ്‌ഷീറ്റിൽ ഉൾപ്പെടുത്തിയിരുന്നുവെന്നും റിപ്പോർട്ടുകളിലുണ്ട്. ആക്രമണത്തിൽ നിരവധി വെടിയേറ്റ ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. 2019 ഫെബ്രുവരിയിൽ ജമ്മു-ശ്രീനഗർ ദേശീയപാതയിൽ സിആർപിഎഫ് വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് നടത്തിയ ആത്മഹത്യാക്രമണത്തിൽ 40-ലേറെ ജവാന്മാർ കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്ഥാൻ ആസ്ഥാനമായ ജൈഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. അർജുമന്ദ് ഗുൽസാർ ദാർ എന്ന പേരിലും “ഹംസ ബുർഹാൻ” എന്ന പേരിലും അറിയപ്പെട്ടിരുന്ന ഇയാളെ 2022ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം യു.എ.പി.എ പ്രകാരം ഭീകരനായി പ്രഖ്യാപിച്ചിരുന്നു. സ്ഫോടക വസ്തു ശേഖരണം, യുവാക്കളെ തീവ്രവാദത്തിലേക്ക് പ്രേരിപ്പിക്കൽ തുടങ്ങിയ കേസുകളിലും ഇയാളുടെ പേര് ഉയർന്നിരുന്നു. സംഭവത്തെക്കുറിച്ച് പാകിസ്ഥാൻ അധികാരികൾ ഇതുവരെ ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന് പിന്നിൽ ആരാണെന്നതിലും വ്യക്തത ലഭിച്ചിട്ടില്ല.

