മോദിയും അമിത് ഷായും രാജ്യത്തെ വ്യവസായികൾക്ക് വിറ്റവരെന്ന് രാഹുൽ ഗാന്ധി

റായ്ബറേലി: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആർഎസ്എസ് എന്നിവർക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ താൽപര്യങ്ങൾ ചില വ്യവസായികൾക്ക് വിറ്റവരാണ് മോദിയും അമിത് ഷായും എന്നും ഭരണഘടനയെ തകർക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും രാഹുൽ ആരോപിച്ചു.

ഉത്തർപ്രദേശിലെ റായ്ബറേലിയിൽ സംഘടിപ്പിച്ച ‘ബഹുജൻ സ്വാഭിമാൻ സഭ’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന, ഡോ. ബി.ആർ. അംബേദ്കർ, മഹാത്മാ ഗാന്ധി എന്നിവരുടെ ആശയങ്ങളെ ബിജെപിയും ആർഎസ്എസും ആക്രമിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. രാജ്യത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി അടുത്ത മാസങ്ങളിൽ രൂപപ്പെടുമെന്നും പെട്രോൾ, ഡീസൽ, പാചകവാതകം, ഭക്ഷ്യധാന്യങ്ങൾ എന്നിവയുടെ വില കുത്തനെ ഉയരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്ക-ഇറാൻ സംഘർഷവും ആഗോള എണ്ണവിതരണത്തിലെ അനിശ്ചിതത്വവും ഇന്ത്യയെ ബാധിക്കുമെന്നുമാണ് രാഹുലിന്റെ പരാമർശം.

അതേസമയം, രാഹുലിന്റെ പ്രസ്താവനക്കെതിരെ ബിജെപി ശക്തമായി രംഗത്തെത്തി. ഇത്തരം പരാമർശങ്ങൾ ജനാധിപത്യത്തിനും രാജ്യത്തിനുമെതിരായ അപമാനകരമായ രാഷ്ട്രീയ ഭാഷയാണെന്ന് ബിജെപി നേതാക്കൾ പ്രതികരിച്ചു. രാഹുലിന്റെ പരാമർശവുമായി ബന്ധപ്പെട്ട് ബിജെപി യുവമോർച്ച പരാതി നൽകിയതിനെ തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *