ആഗോള എണ്ണവിതരണത്തെ ഗുരുതരമായി ബാധിച്ച ഹോർമുസ് കടലിടുക്ക് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ, വ്യാപാരക്കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ സൈനിക ദൗത്യം ആരംഭിക്കുന്ന സാധ്യത നാറ്റോ പരിശോധിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂലൈ ആദ്യവാരം വരെ തടസം തുടരുകയാണെങ്കിൽ ഇടപെടൽ സംബന്ധിച്ച രാഷ്ട്രീയതല ചർച്ചകൾ ശക്തമാകുമെന്നാണ് വിവരം.
ലോകത്തിലെ എണ്ണവും ദ്രവീകൃത പ്രകൃതിവാതകവും വലിയ തോതിൽ കടന്നുപോകുന്ന പ്രധാന സമുദ്രമാർഗമാണ് ഹോർമുസ് കടലിടുക്ക്. അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെ മേഖലയിലെ സംഘർഷം രൂക്ഷമായതോടെയാണ് കപ്പൽഗതാഗതം വലിയ തോതിൽ ബാധിക്കപ്പെട്ടത്. ഇതോടെ ആഗോള ഊർജവില ഉയരുകയും വിവിധ രാജ്യങ്ങളിലെ സാമ്പത്തിക വളർച്ചാ പ്രവചനങ്ങൾ തിരിച്ചടിയിലാകുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നാറ്റോയുടെ യൂറോപ്പ് സുപ്രീം അലൈഡ് കമാൻഡർ ജനറൽ അലക്സസ് ഗ്രിൻകേവിച്ച്, “രാഷ്ട്രീയ തീരുമാനമുണ്ടായാൽ മാത്രമേ ഔദ്യോഗിക പദ്ധതി രൂപീകരിക്കൂ” എന്ന് വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. കപ്പൽഗതാഗതം പുനഃസ്ഥാപിക്കുന്നത് സഖ്യരാജ്യങ്ങളുടെ സാമ്പത്തിക താൽപര്യവുമായി ബന്ധപ്പെട്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഹോർമുസ് പ്രതിസന്ധിയിൽ നേരിട്ട് ഇടപെടുന്നതിൽ നാറ്റോ അംഗരാജ്യങ്ങൾക്കിടയിൽ ഇപ്പോഴും അഭിപ്രായഭിന്നത തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സ്പെയിൻ അടക്കമുള്ള ചില യൂറോപ്യൻ രാജ്യങ്ങൾ സൈനിക ഇടപെടലിനെ എതിർക്കുമ്പോൾ, ഫ്രാൻസും ബ്രിട്ടനും യുദ്ധാനന്തര സുരക്ഷാ ക്രമീകരണങ്ങൾക്കായി പ്രത്യേക സഖ്യം രൂപീകരിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.
ഹോർമുസ് കടലിടുക്ക് വഴിയാണ് ആഗോള എണ്ണവിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്നത്. അതിനാൽ മേഖലയിലെ അനിശ്ചിതത്വം തുടർന്നാൽ ലോകവിപണിയിൽ ഇന്ധനവിലയും ഗതാഗതച്ചെലവും കൂടുതൽ ഉയരാനിടയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

