പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രാഥിന്റെ കൊലക്കേസിൽ ഒരാളെ കൂടി സിബിഐ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ നിന്നാണ് പ്രതിയായ നവീൻ കുമാർ സിങ്ങിനെ പിടികൂടിയത്. സിബിഐയും ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്സും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് അറസ്റ്റ് നടന്നത്. പ്രതിയിൽ നിന്ന് കേസിൽ ഉപയോഗിച്ചതായി കരുതുന്ന മൂന്ന് പിസ്റ്റളുകളും രണ്ട് റിവോൾവറുകളും പിടിച്ചെടുത്തതായി അന്വേഷണ ഏജൻസികൾ അറിയിച്ചു.
മെയ് 6-ന് കൊൽക്കത്തയ്ക്ക് സമീപമുള്ള മധ്യംഗ്രാമിൽ വച്ചാണ് ചന്ദ്രനാഥ് രാഥ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയായിരുന്നു ആക്രമണം. ബൈക്കുകളിലെത്തിയ അക്രമിസംഘം വാഹനം തടഞ്ഞ് വെടിയുതിർക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സംഭവത്തിൽ ഇതിനകം നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും സിബിഐ അറിയിച്ചു. കേസിൽ ഉത്തർപ്രദേശ്–ബിഹാർ ക്രിമിനൽ സംഘങ്ങളുടെ ബന്ധവും പരിശോധിച്ചുവരികയാണ്.

