നാലുവർഷ ബിരുദ കോഴ്സുകളിലെ ആശങ്കകൾ പരിഹരിക്കാൻ അടിയന്തര നടപടി: മന്ത്രി റോജി എം. ജോൺ

സംസ്ഥാനത്തെ സർവകലാശാലകളിൽ നടപ്പാക്കിയ നാലുവർഷ ബിരുദ കോഴ്സുകളുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകളും പരാതികളും അടിയന്തരമായി പരിഹരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ വ്യക്തമാക്കി. കോഴ്സുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ റിവ്യൂ നടത്തുമെന്നും അതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു.

ഇൻറേൺഷിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന പ്രതിസന്ധികളും കോഴ്സ് നടത്തിപ്പിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിനെച്ചൊല്ലിയുള്ള പരാതികളും പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട ഉന്നതവിദ്യാഭ്യാസ ഫണ്ടുകൾ പരമാവധി നേടിയെടുക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ ആശയപരമായ ഭിന്നതകളുള്ള വിഷയങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അധ്യാപക-വിദ്യാർഥി സംഘടനകളുമായി ഉടൻ ചർച്ചകൾ നടത്തുമെന്നും വകുപ്പ് ഏറ്റെടുത്ത ശേഷം നിലവിലെ സാഹചര്യം വിശദമായി പഠിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് യു.ഡി.എഫ്. സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നാലുവർഷ ബിരുദ കോഴ്സ് സംവിധാനം 2024-ലാണ് ആരംഭിച്ചത്. പുതിയ വിദ്യാഭ്യാസരീതിക്കെതിരെ വിദ്യാർഥി സംഘടനകളും അക്കാദമിക് രംഗത്തെ ചിലരും മുൻപ് ആശങ്കകൾ ഉയർത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *