യു.എസ്. ദേശീയ ഇന്റലിജൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് തുൽസി ഗബ്ബാർഡ് രാജിവെച്ചു

യു.എസ്. ദേശീയ ഇന്റലിജൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് തുൽസി ഗബ്ബാർഡ് രാജിവെച്ചു

അമേരിക്കൻ ദേശീയ ഇന്റലിജൻസ് ഡയറക്ടർ (DNI) സ്ഥാനത്ത് നിന്ന് തുൽസി ഗബ്ബാർഡ് രാജിവെച്ചു. ജൂൺ 30 മുതൽ രാജി പ്രാബല്യത്തിൽ വരുമെന്ന് അവർ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അയച്ച കത്തിലൂടെ അറിയിച്ചു. ഭർത്താവ് എബ്രഹാം വില്യംസിന് അപൂർവമായ അസ്ഥികാൻസർ സ്ഥിരീകരിച്ചതിനെ തുടർന്നാണ് പൊതുസേവനത്തിൽ നിന്ന് പിന്മാറുന്നതെന്ന് ഗബ്ബാർഡ് വ്യക്തമാക്കി. കുടുംബത്തിനൊപ്പമിരിക്കേണ്ട സാഹചര്യമാണുള്ളതെന്നും രാജിക്കത്തിൽ അവർ പറഞ്ഞു.

2025 ഫെബ്രുവരിയിലാണ് ഗബ്ബാർഡ് ദേശീയ ഇന്റലിജൻസ് ഡയറക്ടറായി ചുമതലയേറ്റത്. മുൻ ഡെമോക്രാറ്റിക് കോൺഗ്രസ് അംഗവും 2020 പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയുമായിരുന്ന അവർ പിന്നീട് റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് ചേർന്നിരുന്നു. ഗബ്ബാർഡിന്റെ രാജിക്ക് പിന്നാലെ പ്രിൻസിപ്പൽ ഡെപ്യൂട്ടി DNI ആയ ആരൺ ലൂക്കാസ് താൽക്കാലിക ഡയറക്ടറായി ചുമതലയേൽക്കുമെന്ന് ട്രംപ് അറിയിച്ചു. ഗബ്ബാർഡ് മികച്ച സേവനമാണ് കാഴ്ചവെച്ചതെന്നും ട്രംപ് പ്രതികരിച്ചു.

ഇറാൻ നയം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വൈറ്റ് ഹൗസുമായി അഭിപ്രായഭിന്നത ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളും അമേരിക്കൻ മാധ്യമങ്ങളിൽ പുറത്തുവന്നിട്ടുണ്ട്. എങ്കിലും വ്യക്തിപരമായ കുടുംബ സാഹചര്യങ്ങളാണ് രാജിക്കുള്ള പ്രധാന കാരണമെന്ന് ഗബ്ബാർഡ് ഔദ്യോഗികമായി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *