ന്യൂഡൽഹി: ഇന്ത്യൻ യുവജനങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനായി രാജ്യം വിവിധ വിദേശ രാഷ്ട്രങ്ങളുമായി കൈകോർക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോൺഫറൻസിംഗിലൂടെ പത്തൊൻപതാമത് ദേശീയ തൊഴിൽ മേളയെ (റോസ്‌ഗാർ മേള) അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം അതിന്റെ കർമ്മയോഗികളായ യുവതലമുറയിലാണ് വലിയ വിശ്വാസമർപ്പിച്ചിരിക്കുന്നത്. തങ്ങളുടെ സമർപ്പണം, മികച്ച പെരുമാറ്റം, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഈ വിശ്വാസത്തെ ബഹുമാനിക്കാനും കൂടുതൽ ശക്തിപ്പെടുത്താനും പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർ ഉത്തരവാദിത്തം കാണിക്കണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും യുവാക്കൾക്ക് കൂടുതൽ മികച്ച അവസരങ്ങൾ ഒരുക്കുന്നതിനുമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സുപ്രധാന ചുവടുവെപ്പാണ് റോസ്‌ഗാർ മേളകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

