ആലപ്പുഴ: സംസ്ഥാനത്ത് പരക്കെ കനത്ത മഴയും ഇടിമിന്നലും തുടരുന്നതിനിടെ ആലപ്പുഴ അരൂരിൽ ഇടിമിന്നലേറ്റ് അറുപതുകാരന് ദാരുണാന്ത്യം. അരൂർ കോടംതുരുത്ത് ചമ്മനാട്ടുതറയിൽ രവി (60) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
കൺസ്ട്രക്ഷൻ തൊഴിലാളിയായ രവി രാവിലെ വീട്ടിൽ നിന്നും കുളിക്കാനായി പുറത്തെ ശുചിമുറിയിലേക്ക് പോകുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. രാവിലെ മുതൽ പ്രദേശത്ത് അതിശക്തമായ മഴയും കടുത്ത ഇടിമിന്നലും ഉണ്ടായിരുന്നു. മിന്നലേറ്റ ഉടൻ തന്നെ ഇദ്ദേഹത്തെ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷീബയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
അതേസമയം, സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള മഴ ശക്തമായ സാഹചര്യത്തിൽ ഇന്ന് പത്ത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിലും ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

