ഓസ്‌ട്രേലിയയിൽ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സ്രാവ് ആക്രമണം; ക്വീൻസ്‌ലൻഡിൽ മുങ്ങൽ വിദഗ്ദ്ധന് ദാരുണാന്ത്യം

ബ്രിസ്ബേൻ: ഓസ്‌ട്രേലിയയിലെ ഫാർ നോർത്ത് ക്വീൻസ്‌ലൻഡ് തീരത്ത് കടലിൽ വച്ച് സ്രാവിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായി മുപ്പത്തിയൊമ്പതുകാരന് ദാരുണാന്ത്യം. മിഷൻ ബീച്ചിനും കാർഡ്‌വെല്ലിനും മധ്യേ, തീരത്തുനിന്ന് ഏകദേശം 40 കിലോമീറ്റർ അകലെ കടലിൽ മുങ്ങിക്കിടക്കുന്ന കെന്നഡി ഷോൾ (Kennedy Shoal) എന്ന പവിഴപ്പുറ്റുകളുടെ മേഖലയിൽ വച്ചാണ് ഇദ്ദേഹത്തിന് സ്രാവിന്റെ കടിയേറ്റത്.

ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ കൂടെയുള്ളവർ വെള്ളത്തിൽ നിന്നും ബോട്ടിലേക്ക് വലിച്ചുകയറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം ബോട്ടിൽ കെയിൻസിന് 160 കിലോമീറ്റർ തെക്കുള്ള ഹൾ ഹെഡ്സ് ബോട്ട് റാംപിൽ എത്തിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ച് മരണകാരണം വ്യക്തമാക്കുന്ന റിപ്പോർട്ട് കോറോണർക്ക് കൈമാറാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

അപകടം നടന്ന സമയത്ത് ഈ പ്രദേശത്തുണ്ടായിരുന്ന ഫിഷിംഗ് ചാർട്ടർ ഓപ്പറേറ്റർ ജെറാർഡ് പൈക്ക് പ്രാദേശിക മാധ്യമമായ കൊറിയർ മെയിലിനോട് പ്രതികരിച്ചത്, അന്ന് കടലിൽ സ്രാവുകൾ അതീവ അക്രമാ സക്തരായിരുന്നു എന്നാണ്. തങ്ങളുടെ ബോട്ടിന് കേവലം നാല് മീറ്റർ മാത്രം അകലെ വച്ച് ആറോളം സ്രാവു കൾ ചേർന്ന് ഒരു വലിയ അയക്കൂറ മീനിനെ കടിച്ചുകീറുന്നത് തങ്ങൾ കണ്ടതായും അദ്ദേഹം വ്യക്ത മാക്കി. ആക്രമണം നടത്തിയത് ഏത് ഇനത്തിൽപ്പെട്ട സ്രാവാണ് എന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും കഴി ഞ്ഞ പത്ത് വർഷത്തിനിടയിൽ ഈ ഭാഗങ്ങളിൽ ബുൾ ഷാർക്ക് പിഗ് ഐ ഷാർക്ക് എന്നിവയുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതായി പ്രദേശത്തെ പ്രൊഫഷണൽ മീൻപിടുത്തക്കാരനായ ക്രിസ് ബോൾട്ടൺ പറഞ്ഞു. വിനോദസഞ്ചാരികളുടെയും മറ്റും ബോട്ടുകളുടെ മോട്ടോർ ശബ്ദം കേൾക്കുമ്പോൾ ഭക്ഷണം ലഭിക്കുമെന്ന് മനസ്സിലാക്കി സ്രാവുകൾ ബോട്ടുകളെ പിന്തുടരുന്ന ശീലം വർദ്ധിച്ചിട്ടുണ്ടെന്നും, മനുഷ്യർക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ ഇനിയും കൂടാനാണ് സാധ്യതയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഓസ്‌ട്രേലിയൻ തീരത്ത് ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ മാരകമായ സ്രാവ് ആക്രമണമാണിത്. കഴിഞ്ഞ ശനിയാഴ്ച പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ റോട്ട്‌നെസ്റ്റ് ദ്വീപിന് സമീപം സുഹൃത്തുക്കളോടൊപ്പം കടലിൽ കുന്തം ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ സ്റ്റീവൻ മറ്റാബോണി (38) എന്ന രണ്ട് കുട്ടികളുടെ പിതാവ് സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഗ്രേറ്റ് വൈറ്റ് ഷാർക്ക് ഇനത്തിൽപ്പെട്ട സ്രാവാണ് അദ്ദേഹത്തെ ആക്രമിച്ചതെന്നാണ് കരുതുന്നത്

Leave a Reply

Your email address will not be published. Required fields are marked *