കാൻബെറ: ഓസ്ട്രേലിയൻ രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് തീവ്ര വലതുപക്ഷ, കുടിയേറ്റ വിരുദ്ധ പാർട്ടിയായ പോളിൻ ഹാൻസൻസിന്റെ ‘വൺ നേഷൻ’ ഫെഡറൽ തിരഞ്ഞെടുപ്പിൽ പ്രധാന പ്രതിപ ക്ഷമായി മാറിയേക്കുമെന്ന് പുതിയ അഭിപ്രായ സർവേ ഫലം. റെഡ്ബ്രിഡ്ജ് ഗ്രൂപ്പ്, ആക്സന്റ് റിസർച്ച് എന്നിവർ സംയുക്തമായി നടത്തിയ വോട്ടെടുപ്പ് ഫലങ്ങളാണ് ഓസ്ട്രേലിയയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളെ ഞെട്ടിച്ചുകൊണ്ട് പുറത്തുവന്നിരിക്കുന്നത്. ഇന്ന് ഒരു ഫെഡറൽ തിരഞ്ഞെടുപ്പ് നടന്നാൽ വൺ നേഷൻ പാർട്ടി അധോസഭയിൽ 59 സീറ്റുകൾ വരെ നേടിയേക്കാമെന്നാണ് സർവേ വ്യക്തമാക്കുന്നത്.
ഈ പ്രവചനം യാഥാർത്ഥ്യമായാൽ നിലവിലെ ലിബറൽ-നാഷണൽ സഖ്യം വെറും ഒരുപിടി സീറ്റുകളിലേക്ക് ഒതുങ്ങുകയും, വൺ നേഷൻ ഔദ്യോഗിക പ്രതിപക്ഷമായി മാറുകയും ചെയ്യും. ഭരണകക്ഷിയായ ലേബർ പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ട് ന്യൂനപക്ഷ സർക്കാരായി മാറേണ്ടി വരുമെന്നും സർവേ സൂചിപ്പിക്കുന്നു. റെഡ്ബ്രിഡ്ജിന്റെ കേന്ദ്രീകൃത പ്രവചനമനുസരിച്ച് വൺ നേഷൻ 53 സീറ്റുകൾ നേടിയേക്കാം. ഇതോടെ പ്രതിപക്ഷ സഖ്യം 12 സീറ്റുകളിലേക്ക് ചുരുങ്ങുമ്പോൾ ലേബർ പാർട്ടി 76 സീറ്റുകളോടെ നേരിയ ഭൂരിപക്ഷത്തിൽ ഒതുങ്ങും.
പത്ത് വർഷത്തെ തങ്ങളുടെ തെറ്റായ സാമ്പത്തിക നയങ്ങളാണ് വൺ നേഷൻ പാർട്ടിയുടെ ഈ അപ്രതീക്ഷിത മുന്നേറ്റത്തിന് കാരണമായതെന്ന് പ്രതിപക്ഷ ലിബറൽ പാർട്ടിയുടെ പ്രമുഖ നേതാവും ഹൗസിംഗ് വക്താവുമായ ആൻഡ്രൂ ബ്രാഗ് സമ്മതിച്ചു. ടാക്സ്, ഇൻഡസ്ട്രിയൽ റിലേഷൻസ്, ബജറ്റ് തുടങ്ങിയ മേഖലകളിൽ തങ്ങൾ ലേബർ പാർട്ടിയുടെ അതേ നയം പിന്തുടർന്നതിന് ജനങ്ങൾ നൽകുന്ന ശിക്ഷയാണിതെന്നും അദ്ദേഹം സ്കൈ ന്യൂസിനോട് പറഞ്ഞു. എന്നാൽ, ഈ സർവേ ഫലം രാജ്യം തീവ്ര വലതുപക്ഷത്തേക്ക് നീങ്ങുന്നതിന്റെ സൂചനയല്ലെന്നും, മറിച്ച് ജീവിതനിലവാരം തകരുകയും ഭരണകൂടത്തിലും മാധ്യമങ്ങളിലും ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്തതിന്റെ പ്രതിഫലനമാണെന്നും റെഡ്ബ്രിഡ്ജ് അനലിസ്റ്റ് അലക്സ് ഫെയ്ൻ ചൂണ്ടിക്കാട്ടി. പ്രമുഖ പാർട്ടികൾക്കുള്ള ജനങ്ങളുടെ ശക്തമായ താക്കീതാണിത്.
അതേസമയം, വൺ നേഷൻ പാർട്ടി ജനങ്ങളുടെ പരാതികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ടെങ്കിലും അവർക്ക് കൃത്യമായ പരിഹാരങ്ങൾ നൽകാൻ കഴിയുന്നില്ലെന്ന് ലേബർ കാബിനറ്റ് സെക്രട്ടറി ആൻഡ്രൂ ചാർട്ടൻ വിമർശിച്ചു. ഓസ്ട്രേലിയൻ ജനതയ്ക്ക് ഗുണം ചെയ്യുന്ന കാര്യങ്ങളിലെല്ലാം അവർ എതിർത്തു വോട്ട് ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ 17 മില്യൺ വോട്ടർമാരുള്ള രാജ്യത്ത് 6,000 പേരിൽ നടത്തിയ സർവേ ഫലത്തെ പൂർണ്ണമായി വിശ്വസിക്കാനാകില്ലെന്നും ഇത് കേവലം റേറ്റിംഗിന് വേണ്ടിയു ള്ളതാണെന്നും മുൻ നാഷണൽസ് പാർട്ടി നേതാവ് ഡേവിഡ് ലിറ്റിൽപ്രൗഡ് പ്രതികരിച്ചു. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയുടെ കോട്ടയായ ‘ഫാരർ’ സീറ്റ് വൺ നേഷൻ പാർട്ടിയുടെ ഡേവിഡ് ഫാർലി പിടിച്ചെടുത്തത് വലിയ രാഷ്ട്രീയ ചർച്ചയായിരുന്നു

