പെർത്ത്: നഗരങ്ങളിലെ പച്ചപ്പും വനവിസ്തൃതിയും വർദ്ധിപ്പിക്കുന്നതിനായി വിപ്ലവകരമായ പദ്ധതിയുമായി പടിഞ്ഞാറൻ ഓസ്‌ട്രേലിയൻ പരിസ്ഥിതി മന്ത്രാലയം. തദ്ദേശീയമായി വളരുന്ന പ്രകൃതിദത്ത മരങ്ങൾ വാങ്ങി സ്വന്തം പറമ്പുകളിൽ നട്ടുപിടിപ്പിക്കുന്ന സംസ്ഥാനത്തെ താമസക്കാർക്ക് ‘ട്രീബേറ്റ്’ പദ്ധതിയിലൂടെ 150 ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 8,200 രൂപ) വരെ സർക്കാർ ക്യാഷ് ബാക്ക് ആയി തിരികെ നൽകും.
പ്രാദേശിക നഴ്സറികളിൽ നിന്നോ ഗാർഡൻ സെന്ററുകളിൽ നിന്നോ നിർദ്ദിഷ്ട ഇനത്തിൽപ്പെട്ട മരങ്ങൾ വാങ്ങുന്ന 18 വയസ്സിന് മുകളിൽ പ്രായമുള്ള ഏത് പടിഞ്ഞാറൻ ഓസ്‌ട്രേലിയൻ പൗരനും ഈ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും. ഒരാൾക്ക് ഒരു മരത്തിന് എന്ന നിരക്കിലാണ് തുക അനുവദിക്കുന്നത്. പൂർണ്ണവളർച്ചയെത്തുമ്പോൾ കുറഞ്ഞത് മൂന്ന് മീറ്ററെങ്കിലും ഉയരമുള്ള ഇലച്ചാർത്ത് ഉണ്ടാകുന്ന മരങ്ങളായിരിക്കണം പദ്ധതിക്കായി തിരഞ്ഞെടുക്കേണ്ടത്. തുക ലഭിക്കുന്നതിനായി മരം വാങ്ങിയതിന്റെ രസീതും, അത് നട്ട ശേഷമുള്ള ചിത്രവും തെളിവായി അപേക്ഷയോടൊപ്പം സമർപ്പിക്കണം.
പദ്ധതി തുടങ്ങി ഒരു വർഷം പിന്നിടുമ്പോൾ തന്നെ രണ്ടായിരത്തിലധികം പേർ ഇതിനകം ഇതിന്റെ ഭാഗമായിക്കഴിഞ്ഞു. നാല് വർഷ കാലാവധിയിലേക്ക് ആകെ 69 ലക്ഷം ഓസ്‌ട്രേലിയൻ ഡോളറാണ് (6.9 Million AUD) ഈ ഹരിത പദ്ധതിക്കായി സർക്കാർ നീക്കിവെച്ചിരിക്കുന്നത്.
സമീപ വർഷങ്ങളിൽ പെർത്ത് മേഖലയിൽ ‘ഷോട്ട്-ഹോൾ ബോറർ’ എന്ന വിനാശകാരിയായ വിദേശ വണ്ട് വർഗ്ഗത്തിന്റെ ആക്രമണം മൂലം ഏതാണ്ട് 4,500-ലധികം വന്മരങ്ങളാണ് വെട്ടിമാറ്റേണ്ടി വന്നത്. ഈ വലിയ പരിസ്ഥിതി നാശത്തിന് പകരമായി പുതിയ മരങ്ങൾ വെച്ചുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അധി കൃതർ ഈ ധനസഹായ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ, ‘ഡബ്ല്യുഎ ട്രീ റിക്കവറി പ്രോഗ്രാം’ എന്ന മറ്റൊരു അനുബന്ധ പദ്ധതിയിലൂടെ ഈ വണ്ടിന്റെ ആക്രമണം മൂലം തങ്ങളുടെ പുരയി ടത്തിലെ മരങ്ങൾ നഷ്ടപ്പെട്ട ഭൂവുടമകൾക്ക്, നഷ്ടപ്പെട്ട ഓരോ മരത്തിനും പകരം പുതിയവ വെയ്ക്കു ന്നതിനായി 150 ഡോളർ വീതം പ്രത്യേകം കൈപ്പറ്റാനും അവസരമൊരുക്കിയിട്ടുണ്ട്

