കാൻബെറ: ഓസ്‌ട്രേലിയയിൽ പ്രായമായ പൗരന്മാർക്ക് സ്വകാര്യ ആരോഗ്യ ഇൻഷുറൻസിൽ ലഭിച്ചിരുന്ന ഉയർന്ന സർക്കാർ സബ്‌സിഡി (റീബേറ്റ്) നിർത്തലാക്കാൻ ഫെഡറൽ സർക്കാർ തിരുമാനം. ഈ പരിഷ്കാരം രാജ്യത്ത് 65 വയസ്സിന് മുകളിൽ പ്രായമുള്ള ഏകദേശം 32 ലക്ഷം ആളുകളെ നേരിട്ട് ബാധിക്കും. പുതിയ നിയമപ്രകാരം പ്രായമായവർക്കും ഇനി യുവാക്കൾക്ക് തുല്യമായ കുറഞ്ഞ നിരക്കിലുള്ള സർക്കാർ സബ്‌സിഡി മാത്രമേ ലഭിക്കൂ. 2004-ലായിരുന്നു പ്രായമായവരെ സ്വകാര്യ ഇൻഷുറൻസിലേക്ക് ആകർഷിക്കുന്നതിനായി അന്ന് നിലവിലുണ്ടായിരുന്ന സർക്കാർ ഉയർന്ന റീബേറ്റ് നിരക്കുകൾ അവതരിപ്പിച്ചത്.
ആരോഗ്യ സബ്‌സിഡി രംഗത്തെ തലമുറകൾ തമ്മിലുള്ള അസമത്വം പരിഹരിക്കാനാണ് ഈ മാറ്റമെന്നാണ് സർക്കാർ വിശദീകരണം. ഒരേ വരുമാനമുള്ള രണ്ട് കുടുംബങ്ങൾക്ക് പ്രായത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വ്യത്യസ്ത നിരക്കിൽ സർക്കാർ സഹായം നൽകുന്നത് ന്യായീകരിക്കാനാകില്ലെന്ന് അധികൃതർ വാദിക്കുന്നു. ഈ വെട്ടിക്കുറയ്ക്കലിലൂടെ അടുത്ത നാല് വർഷത്തിനുള്ളിൽ 300 കോടി ഡോളറും (3 Billion), ഒരു പതി റ്റാണ്ടിനുള്ളിൽ 1100 കോടി ഡോളറും ലാഭിക്കാൻ കഴിയുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. ഈ തുക മുഴുവൻ വയോജന പരിചരണ രംഗത്തെ വികസനത്തിനായി മാറ്റിവെയ്ക്കും. ഇതനുസരിച്ച് 5,000 പുതിയ വയോജന പരിചരണ കിടക്കകൾ സ്ഥാപിക്കുന്നതിനും, വയോധികർക്ക് വീടുകളിൽ ലഭ്യമാക്കുന്ന പരിചരണ പദ്ധതികൾ വിപുലീകരിക്കുന്നതിനും ഈ തുക വിനിയോഗിക്കും.
പുതിയ മാറ്റം നടപ്പിലാകുന്നതോടെ ഇൻഷുറൻസ് തുക ഇനത്തിൽ പ്രായമായവർക്ക് പ്രതിവർഷം ശരാശരി 226 മുതൽ 255 ഡോളർ വരെ അധികമായി ചിലവഴിക്കേണ്ടി വരും. ചെലവ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഏതാണ്ട് 44,000 മുതിർന്ന പൗരന്മാർ തങ്ങളുടെ സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പൂർണ്ണമായും ഉപേക്ഷിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഈ പരിഷ്കാരങ്ങൾ നിയമമാകാൻ പാർലമെന്റിന്റെ അംഗീകാരം ആവശ്യമാണ്. എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഈ നിർദ്ദേശത്തെ ശക്തമായി എതിർക്കുമെന്ന സൂചന നൽകിക്കഴിഞ്ഞു. വലിയൊരു വിഭാഗം വയോധികർ സ്വകാര്യ ഇൻഷുറൻസ് ഉപേക്ഷിക്കുന്നത് രാജ്യത്തെ പൊതു ആശുപത്രി സംവിധാനങ്ങൾക്ക് മേൽ ഇരട്ടി സമ്മർദ്ദവും ഭാരിച്ച ചിലവും വരുത്തിവെക്കുമെന്നാണ് ആരോഗ്യ സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

