സാമ്പത്തിക പ്രതിസന്ധിക്കിടെ ക്യൂബയ്ക്ക് ചൈനയുടെ അ സഹായം
ഹവാന: കടുത്ത സാമ്പത്തിക-ഭക്ഷ്യക്ഷാമ പ്രതിസന്ധി നേരിടുന്ന ക്യൂബയ്ക്ക് ചൈനയിൽ നിന്ന് 15,000 ടൺ അരിയുടെ ആദ്യഘട്ട സഹായം ലഭിച്ചു. ആകെ 60,000 ടൺ അരി സഹായമായി നൽകുമെന്ന ചൈനയുടെ വാഗ്ദാനത്തിന്റെ ഭാഗമായാണ് ഹവാന തുറമുഖത്ത് ആദ്യ കപ്പൽ എത്തിയത്.
ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയസ് കാനൽ സാമൂഹ്യമാധ്യമങ്ങളിലൂടെ ചൈനയ്ക്ക് നന്ദി അറിയിച്ചു. ഈ സഹായം രാജ്യത്തെ വിവിധ പ്രവിശ്യകളിലെയും ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ ഉപരോധവും ഇന്ധനക്ഷാമവും രൂക്ഷമായ സാഹചര്യത്തിലാണ് ചൈനയുടെ സഹായം എത്തുന്നത്. ക്യൂബയുടെ പല ഭാഗങ്ങളിലും വ്യാപക വൈദ്യുതി മുടക്കം തുടരുകയാണ്.
രാജ്യത്തിന് ആവശ്യമായ ഇന്ധനത്തിന്റെ വലിയൊരു വിഹിതം ഇറക്കുമതിയിലൂടെയാണ് ലഭിച്ചിരുന്നത്. എന്നാൽ വെനസ്വേലയിൽ നിന്നുള്ള എണ്ണവിതരണത്തിന് അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. ചൈനീസ് അംബാസഡർ ഹുവ ഷിൻ ഈ അരി വിതരണം സമീപകാലത്ത് ക്യൂബയ്ക്ക് ചൈന നൽകിയ ഏറ്റവും വലിയ ഭക്ഷ്യസഹായ പദ്ധതികളിലൊന്നാണെന്ന് വ്യക്തമാക്കി.
ക്യൂബയുടെ പരമാധികാരത്തെയും ദേശീയ അഭിമാനത്തെയും ചൈന പിന്തുണയ്ക്കുന്നതിന്റെ പ്രതീകമാണ് ഈ സഹായമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ക്യൂബയിലെ പ്രതിസന്ധിക്ക് കാരണം ഭരണപരമായ വീഴ്ചകളാണെന്നാണ് അമേരിക്കയുടെ നിലപാട്. “അർത്ഥവത്തായ പരിഷ്‌കരണങ്ങൾ” നടപ്പാക്കിയാൽ 100 മില്യൺ ഡോളറിന്റെ മാനുഷിക സഹായം നൽകാമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ വ്യക്തമാക്കിയിരുന്നു.

