വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സമാധാനം കൈവരിക്കാമെങ്കിലും അത് ഉടൻ സംഭവിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പറഞ്ഞു. അമേരിക്കയും ഇറാനും തമ്മിൽ നടക്കുന്ന ചർച്ചകൾ പുരോഗമിക്കുകയാണെന്നും, എന്നാൽ സാഹചര്യം ഇപ്പോഴും സങ്കീർണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ ആണവപരിപാടിയും പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യവും ചർച്ചകളിലെ പ്രധാന വിഷയങ്ങളാണെന്ന് ട്രംപ് പറഞ്ഞു. സമാധാനപരമായ പരിഹാരത്തിനാണ് അമേരിക്ക ശ്രമിക്കുന്നതെങ്കിലും, അതിന് സമയം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ അടുത്തിടെ ശക്തമായ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം.
ഇസ്രയേൽ–ഇറാൻ സംഘർഷസാധ്യതയും ഗാസയിലെ യുദ്ധാവസ്ഥയും തുടരുന്നതിനിടെ പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം കൂടുതൽ സങ്കീർണമായിരിക്കുകയാണ്.അതേസമയം, ഇറാനുമായി ഉണ്ടാകുന്ന ഏതൊരു കരാറും ഇസ്രയേലിന്റെ സുരക്ഷയെ ബാധിക്കരുതെന്ന് ഇസ്രയേൽ പ്രതിപക്ഷനേതാവ് യായിർ ലാപിഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കൻ ഭരണകൂടം മേഖലയുടെ സുരക്ഷാ ആശങ്കകൾ ഗൗരവമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

