ഐസിസ് ബന്ധമുള്ള 19 ഓസ്ട്രേലിയക്കാർ ഇന്ന് രാത്രി തിരിച്ചെത്തും; വിമാനത്താവളങ്ങളിൽ കനത്ത സുരക്ഷ, കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം

മെൽബൺ/സിഡ്നി: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് സിറിയൻ അഭയാർത്ഥി ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന 19 ഓസ്ട്രേലിയൻ സ്വദേശികളായ സ്ത്രീകളും കുട്ടികളും ഇന്ന് രാത്രിയോടെ ഓസ്ട്രേലിയയിൽ തിരിച്ചെത്തും. ഇവരെ സ്വീകരിക്കുന്നതിനും തുടർനടപടികൾക്കുമായി വിമാന ത്താവളങ്ങളിൽ കൗണ്ടർ ടെററിസം സംഘങ്ങൾ ഉൾപ്പെടെയുള്ള കനത്ത പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. നാല് സ്ത്രീകളും ആറ് കുട്ടികളും അടങ്ങുന്ന ആദ്യസംഘം ഖത്തർ എയർവേയ്‌സ് വിമാനത്തിൽ സിഡ്നിയിലും, രണ്ട് സ്ത്രീകളും ഏഴ് കുട്ടികളും അടങ്ങുന്ന രണ്ടാമത്തെ സംഘം മെൽബണിലുമാണ് ഇറങ്ങുന്നത്. തിരിച്ചെത്തുന്ന കുട്ടികളിൽ പലരും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ്.

അതേസമയം, ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്തിരുന്ന ഹോദാൻ അബി എന്ന യുവതിയെ ദേശീയ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി വിമാനത്തിൽ കയറുന്നതിൽ നിന്നും തടഞ്ഞു. ഗവൺമെന്റിന്റെ താൽക്കാലിക വിലക്ക് നിലനിൽക്കുന്നതിനാലാണ് ഇവരെ തിരിച്ചയച്ചത്. തന്റെ ഒൻപത് വയസ്സുകാരിയായ ഭിന്നശേഷിക്കാരിയായ മകളെ മറ്റ് കുടുംബങ്ങൾക്കൊപ്പം ഓസ്ട്രേലിയയിലേക്ക് അയക്കാൻ അധികൃതർ അവസരം നൽകിയെങ്കിലും ഹോദാൻ അത് നിരസിക്കുകയായിരുന്നു. ഈ വിലക്കിനെതിരെ യുവതിയുടെ കുടുംബം നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്.

സിഡ്നിയിൽ ഇറങ്ങുന്ന സംഘത്തിൽ മുൻ ഐസിസ് റിക്രൂട്ടർ മുഹമ്മദ് സഹാബിന്റെ മാതാവ് ആമിന സഹാബ്, സഹോദരി സുമയ്യ എന്നിവരും ഉൾപ്പെടുന്നുണ്ട്. തങ്ങളെ മകൻ ചതിച്ച് സിറിയയിൽ എത്തിക്കു കയായിരുന്നുവെന്നാണ് ആമിന മുൻപ് അവകാശപ്പെട്ടിരുന്നത്. ഇറാഖിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിഡ്നി സ്വദേശിയായ ഭീകരൻ അഹമ്മദ് മെർഹിയെ വിവാഹം കഴിച്ച നെസ്രിൻ എന്ന യുവതിയും ഈ സംഘത്തിലുണ്ട്. മെൽബണിലേക്ക് എത്തുന്നവരിൽ 14-ാം വയസ്സിൽ ഐസിസ് പോരാളിയെ വിവാഹം കഴിച്ച കിർസ്റ്റി റോസ്-എമിലി എന്ന യുവതിയുമുണ്ട്. തങ്ങളെല്ലാം വഞ്ചിക്കപ്പെട്ടാണ് യുദ്ധമേഖലയിൽ എത്തിയ തെന്നാണ് ഇവരുടെ വാദമെങ്കിലും, ബോംബ് നിർമ്മാണത്തിൽ പങ്കാളിയാകാനാണ് ഇവർ സിറിയയിലേക്ക് പോയതെന്ന് ഇവരുടെ മുൻ സുഹൃത്തുക്കൾ വെളിപ്പെടുത്തിയിട്ടുണ്ട്.

രാജ്യദ്രോഹപരമായ നിലപാടുകൾ സ്വീകരിച്ച് ഭീകരസംഘടനയിൽ ചേരുകയും സ്വന്തം കുട്ടികളെപ്പോലും ദുരിതത്തിലാക്കുകയും ചെയ്ത ഈ സംഘത്തിന് സർക്കാർ യാതൊരുവിധ സഹായവും നൽകില്ലെന്ന് ഇമിഗ്രേഷൻ മന്ത്രി ടോണി ബർക്ക് വ്യക്തമാക്കി. ഇവരിലോരോരുത്തരും ചെയ്ത കുറ്റകൃത്യങ്ങൾക്ക് നിയ മത്തിന്റെ പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മെയ് 7-ന് സമാന രീതിയിൽ സിറിയയിൽ നിന്നും തിരിച്ചെത്തിച്ച നാല് സ്ത്രീകളിൽ മൂന്ന് പേർക്കെതിരെ അടിമത്തം, ഭീകര സംഘടനയിൽ ചേരൽ തുടങ്ങിയ കടുത്ത കുറ്റങ്ങൾ ചുമത്തി പോലീസ് ഇതിനകം അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *