കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി. ബുധനാഴ്ച രാത്രി 11.30 വരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെ, കൊല്ലത്ത് ആലപ്പാട് മുതൽ ഇടവ വരെ, ആലപ്പുഴയിൽ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ, കൂടാതെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ചില തീരപ്രദേശങ്ങളിലുമാണ് കടലാക്രമണ സാധ്യത പ്രവചിച്ചിരിക്കുന്നത്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെ ശക്തിപ്രാപിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തീരദേശ മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കടലിൽ ഇറങ്ങുന്നതും വിനോദസഞ്ചാര പ്രവർത്തനങ്ങളും ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

