അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയുടെ താജ്മഹൽ സന്ദർശനത്തെ പരിഹസിച്ച് ഹൈദരാബാദിലെ ഇറാൻ കോൺസുലേറ്റ് രംഗത്തെത്തി. ഇന്ത്യ സന്ദർശനത്തിനിടെ ആഗ്രയിലെ താജ്മഹൽ സന്ദർശിച്ച റൂബിയോയും ഭാര്യ ജീനറ്റ് റൂബിയോയും എടുത്ത ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. “റൂബിയോയ്ക്ക് ചരിത്രമോ വാസ്തുശില്പമോ അറിയാമായിരുന്നെങ്കിൽ ഇവിടെ ചിത്രം എടുക്കുമായിരുന്നില്ല” എന്നാണ് ഹൈദരാബാദിലെ ഇറാൻ കോൺസുലേറ്റ് സാമൂഹികമാധ്യമമായ എക്സിൽ കുറിച്ചത്.
“ചക്രവർത്തിയുടെ ഇറാനിയൻ ഭാര്യയോടുള്ള സ്നേഹത്തിന്റെ പ്രതീകമായാണ് ഈ സ്മാരകം പണിതത്. ഇറാനിയൻ ശില്പികളുടെ മികവിലാണ് താജ്മഹൽ രൂപംകൊണ്ടത്. എന്നാൽ ഇന്ന് അദ്ദേഹത്തിന്റെ സർക്കാർ ഇറാനിയൻ സംസ്കാരത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ്”െന്നും കോൺസുലേറ്റ് വിമർശിച്ചു. ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി റൂബിയോ ഭാര്യയ്ക്കും അമേരിക്കൻ അംബാസഡർ സെർജിയോ ഗോറിനുമൊപ്പമാണ് താജ്മഹൽ സന്ദർശിച്ചത്. സന്ദർശനത്തിനിടെ താജ്മഹലിനെ “ലോകത്തിലെ അത്ഭുതങ്ങളിലൊന്ന്” എന്നാണ് റൂബിയോ വിശേഷിപ്പിച്ചത്.
വിവിധ രാജ്യങ്ങളുടെ സംസ്കാരത്തെ ആദരിക്കുന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുംതാസ് മഹലിന്റെ പേർഷ്യൻ വംശപരമ്പരയും മുഗൾ വാസ്തുശില്പത്തിലെ പേർഷ്യൻ സ്വാധീനവും ചൂണ്ടിക്കാട്ടിയാണ് ഇറാന്റെ പ്രതികരണം. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് ഈ പരാമർശങ്ങൾ ശ്രദ്ധ നേടിയത്.

