തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ, തിരുവനന്തപുരം ബേക്കറി ജംക്‌ഷനിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിക്ഷേപങ്ങളുടെയും ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെയും അടക്കം രേഖകൾ കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). റെയ്ഡിനു ശേഷം പുറത്തിറക്കിയ വാർത്തക്കുറിപ്പിലാണ് ഇ.ഡിയുടെ വിശദീകരണം. കണ്ടെടുത്ത രേഖകൾ വരും ദിവസങ്ങളിൽ വിശദമായി പരിശോധിക്കുമെന്നും കേന്ദ്ര ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.
സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പിണറായി വിജയന്റെയും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെയും വീടുകൾ ഉൾപ്പെടെ കേരളത്തിലും കർണാടകയിലുമായി ഇ.ഡി ഒരേസമയം പരിശോധന നടത്തിയത്. സിഎംആർഎൽ കമ്പനി വിവിധ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി നിയമവിരുദ്ധമായി പണം നൽകിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഈ വ്യാജ ചെലവുകളിൽ ഒന്ന് പിണറായി വിജയന്റെ മകൾ വീണ വിജയന് നൽകിയ തുകയുമായി ബന്ധപ്പെട്ടതാണെന്നും, സിഎംആർഎൽ മാനേജ്മെന്റും വീണ വിജയനും ചേർന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്ന് മുൻപ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഇ.ഡി വാർത്തക്കുറിപ്പിൽ അറിയിച്ചു. വരും ദിവസങ്ങളിൽ ഈ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കാനാണ് ഇ.ഡി നീക്കം

