മാസപ്പടി കേസ്: റെയ്ഡിന് പിന്നാലെ നടപടിയുമായി ഇ ഡി; വീണ വിജയന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് നടത്തിയ പരമ്പര റെയ്ഡുകൾക്ക് പിന്നാലെ കടുത്ത നടപടികളിലേക്ക് കടന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് സൊല്യൂഷൻസ് ഐടി കമ്പനി ഉടമയുമായ വീണ വിജയന്റെ (വീണ ടി.) എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു. തിരുവനന്തപുരത്തെ വസതിയിൽ ഉൾപ്പെടെ ബുധനാഴ്ച നടന്ന വിശദമായ പരിശോധനകൾക്ക് പിന്നാലെയാണ് കേന്ദ്ര ഏജൻസിയുടെ ഈ നിർണായക നീക്കം. വീണയുടെ ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ (ഫിക്സഡ് ഡിപ്പോസിറ്റ്) രേഖകളും പരിശോധനാ സമയത്ത് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് കേരളത്തിലും കർണാടകയിലുമായി പത്തോളം കേന്ദ്രങ്ങളിലാണ് ഇ ഡി ഒരേസമയം റെയ്ഡ് നടത്തിയത്. പരിശോധനകൾക്കിടെ വീണയുടെ മൊഴി രേഖപ്പെടുത്തുകയും ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അനധികൃതമായി കൈപ്പറ്റിയ പണമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ അക്കൗണ്ട് മരവിപ്പിച്ചത്. സിഎംആർഎൽ കമ്പനിയിൽ നിന്ന് ഒരു സേവനവും നൽകാതെ എക്സാലോജിക് കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയെന്ന ആദായനികുതി വകുപ്പിന്റെയും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെയും (എസ്എഫ്ഐഒ) കണ്ടെത്തലുകളുടെ തുടർച്ചയായാണ് ഇ ഡി അന്വേഷണം ശക്തമാക്കിയത്. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അക്കൗണ്ടുകൾ മരവിപ്പിക്കാനും ബന്ധപ്പെട്ടവർക്ക് ചോദ്യം ചെയ്യലിനായി സമൻസ് അയയ്ക്കാനും ഇ ഡി നീക്കം തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *