ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്, രണ്ട് പേർ കൂടി പിടിയിൽ; അറസ്റ്റിലായവരുടെ എണ്ണം 7 ആയി, ആസൂത്രിത ആക്രമണമെന്ന് എഫ്.ഐ.ആർ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിലെ ഇ.ഡി റെയ്ഡിന് പിന്നാലെ ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരെയും മാരകായുധങ്ങളുമായി ആക്രമിച്ച കേസിൽ രണ്ട് പേർ കൂടി പോലീസിന്റെ പിടിയിലായി. അനിൽകുമാർ, കിരൺ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ അക്രമ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ ആകെ എണ്ണം ഏഴായി ഉയർന്നു. ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന മുന്നൂറോളം പേർക്കെതിരെയാണ് നിലവിൽ പോലീസ് കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരത്ത് ഉണ്ടായ സംഘർഷം കൃത്യമായ ആസൂത്രണത്തോടെ ചെയ്തതാണെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പ്രാഥമിക വിലയിരുത്തൽ. യാതൊരുവിധ പ്രകോപനവുമില്ലാതെ ഇഷ്ടികകളും ഇരുമ്പ് ദണ്ഡുകളും മാരകായുധങ്ങളുമായി എത്തിയ സംഘമാണ് അക്രമം അഴിച്ചുവിട്ടത്. ഇത് പെട്ടെന്നുണ്ടായ ഒരു സ്വാഭാവിക പ്രതികരണമല്ലെന്നും, റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ചിലർ മുൻകൂട്ടി ഗൂഢാലോചന നടത്തിയതാണെന്നും ഇ.ഡി വ്യക്തമാക്കുന്നു. ഇ.ഡി സെർച്ച് ടീമും അവർക്ക് സുരക്ഷയൊരുക്കിയ സി.ആർ.പി.എഫ് ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന മൂന്ന് കാറുകളാണ് അക്രമിസംഘം അടിച്ചുതകർത്ത് നശിപ്പിച്ചത്.

സംഭവത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പ്രതികൾക്കെതിരെ ഗുരുതരമായ പരാമർശങ്ങളാണ് ഉള്ളത്. മാരകായുധങ്ങളുമായി നിയമവിരുദ്ധമായി സംഘം ചേർന്ന പ്രതികൾ “കൊല്ലെടാ” എന്ന് ആക്രോശിച്ചുകൊണ്ടാണ് ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്തത്. അക്രമികൾ വടി ഉപയോഗിച്ച് ഇ.ഡി ഉദ്യോഗസ്ഥന്റെ കൈ അടിച്ചൊടിക്കാൻ ശ്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. വാഹനത്തിന്റെ ഡ്രൈവറെ ഇഷ്ടിക ഉപയോഗിച്ച് എറിഞ്ഞ് കൊലപ്പെടുത്താനും ശ്രമമുണ്ടായി. അക്രമം തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെയും സി.ആർ.പി.എഫ് ജവാന്മാരെയും വടികളും കല്ലുകളും ഇരുമ്പ് വടികളും ഉപയോഗിച്ച് പ്രതികൾ ക്രൂരമായി നേരിട്ടെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നുണ്ട്. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *