തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് സ്ഥാനം രാജിവെച്ച് ഡോ. ശാന്തനു സെൻ; പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് (ടിഎംസി) വീണ്ടും കനത്ത തിരിച്ചടി നൽകിക്കൊണ്ട് മുൻ രാജ്യസഭാ എംപിയും മുതിർന്ന നേതാവുമായ ഡോ. ശാന്തനു സെൻ പാർട്ടിയുടെ ദേശീയ വക്താവ് സ്ഥാനം രാജിവെച്ചു. തൃണമൂൽ കോൺഗ്രസിന്റെ വനിതാ വിഭാഗം അധ്യക്ഷ കാകോലി ഘോഷ് ദസ്തിദാർ പാർട്ടിയുടെ എല്ലാ പദവികളും രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് ശാന്തനു സെന്നും പദവി ഒഴിഞ്ഞത്. പാർട്ടിയിലെ അഴിമതികൾക്കും അനീതികൾക്കുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചുകൊണ്ടാണ് അദ്ദേഹം രാജിക്കത്ത് നൽകിയിരിക്കുന്നത്.

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിനുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുകയാണ്. പാർട്ടി അധ്യക്ഷ മമത ബാനർജിക്ക് അയച്ച കത്തിൽ കടുത്ത ഭാഷയിലാണ് ശാന്തനു സെൻ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്. പല വിവാദ വിഷയങ്ങളിലും വ്യക്തിപരമായി ശക്തമായ വിയോജിപ്പുകൾ ഉണ്ടായിരുന്നിട്ടും മാധ്യമങ്ങൾക്ക് മുന്നിൽ പാർട്ടിയെ നിരന്തരം പ്രതിരോധിച്ച് സംസാരിച്ചിരുന്നുവെന്ന് അദ്ദേഹം കത്തിൽ ഓർമ്മിപ്പിച്ചു. എന്നാൽ ഇനി അതിന് മനസ്സ് അനുവദിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കൊൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രധാന വിമർശനം. മുൻപ് ഈ വിഷയത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും സംസ്ഥാന ആരോഗ്യ വകുപ്പിനുമെതിരെ പരസ്യമായി സംസാരിച്ചതിന് ശാന്തനു സെന്നിനെ വക്താവ് സ്ഥാനത്ത് നിന്ന് തൃണമൂൽ കോൺഗ്രസ് താൽക്കാലികമായി മാറ്റിനിർത്തിയിരുന്നു. മുതിർന്ന നേതാക്കളുടെ തുടർച്ചയായ രാജി പാർട്ടി നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *