മുഖ്യമന്ത്രിക്ക് വേണ്ടത് ഭാവാഭിനയമല്ല, കൃത്യതയുള്ള വാക്കുകൾ; വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എം.എ. ബേബി

ന്യൂഡൽഹി: യുഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. മുഖ്യമന്ത്രിയായി കേരളത്തിന് വേണ്ടത് മനുഷ്യർക്ക് വ്യക്തമാകുന്ന രീതിയിൽ സംസാരിക്കുന്ന ഒരാളെയാണെന്നും അല്ലാതെ വെറും ഭാവാഭിനയം നടത്തുന്നവരെയല്ലെന്നും അദ്ദേഹം പരിഹസിച്ചു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡുകളുമായി ബന്ധപ്പെട്ട് മിതമായ ഭാഷയിലെങ്കിലും പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമായിരുന്നുവെന്ന് ബേബി ചൂണ്ടിക്കാട്ടി. ഭരണാധികാരികൾ ജനങ്ങളോട് സംസാരിക്കുമ്പോൾ കൃത്യതയും വ്യക്തതയുമാണ് പുലർത്തേണ്ടത്. വെറും മാധ്യമ പ്രകടനങ്ങളും ഭാവാഭിനയങ്ങളും കൊണ്ട് ജനങ്ങളെ പറ്റിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇ.ഡി റെയ്ഡിനെതിരെ ഡൽഹിയിൽ ഇന്നലെ നടന്ന പ്രതിഷേധ സമരത്തിന് നേരെ പോലീസ് ജനാധിപത്യവിരുദ്ധവും നിഷ്ഠൂരവുമായ ആക്രമണമാണ് അഴിച്ചുവിട്ടതെന്ന് എം.എ. ബേബി കുറ്റപ്പെടുത്തി. യാതൊരുവിധ ആശയവിനിമയത്തിനും മുതിരാതെ ഹീനമായ രീതിയിലാണ് സമരം ചെയ്തവരെ പോലീസ് നേരിട്ടത്. പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ നാളുകളിൽ തന്നെ അവരുടെ ജനവിരുദ്ധ നിലപാടുകൾ ജനങ്ങൾ തിരിച്ചറിയുമെന്നും, കേരളത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *