ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ സൈനിക താവളത്തിന് നേരെ അമേരിക്കൻ സൈന്യം വീണ്ടും ശക്തമായ വ്യോമാക്രമണം നടത്തി. ദക്ഷിണ ഇറാന്റെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലെ ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെയാണ് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പുതിയ പ്രതിരോധ ആക്രമണം നടത്തിയത്. ഇതോടെ, ഏപ്രിൽ ആദ്യം ഇരുരാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ താൽക്കാലിക വെടിനിർത്തൽ കരാർ പൂർണ്ണമായും തകർച്ചയുടെ വക്കിലെത്തിയിരിക്കുകയാണ്.
ഹോർമുസ് കടലിടുക്കിലൂടെ മുൻകൂട്ടിയുള്ള ഏകോപനമില്ലാതെ കടന്നുപോകാൻ ശ്രമിച്ച നാല് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യം വെടിയുതിർത്തതാണ് പുതിയ സംഘർഷങ്ങൾക്ക് കാരണമായത്. ഇതിന് പിന്നാലെ ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന ഇറാന്റെ 4 ചാവേർ ഡ്രോണുകൾ യുഎസ് വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി വെടിവെച്ചിട്ടു. തൊട്ടുപിന്നാലെ അഞ്ചാമതൊരു ഡ്രോൺ വിക്ഷേപിക്കാൻ തയ്യാറെടുക്കുകയായിരുന്ന ബന്ദർ അബ്ബാസിലെ ഇറാന്റെ ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷൻ അമേരിക്കൻ മിസൈലാക്രമണത്തിൽ തകർക്കുകയായിരുന്നു.
തങ്ങളുടെ നടപടികൾ പൂർണ്ണമായും പ്രതിരോധപരവും വെടിനിർത്തൽ കരാർ നിലനിർത്താൻ ഉദ്ദേശിച്ചുള്ളതുമാണെന്ന് യുഎസ് സൈനിക വക്താക്കൾ അറിയിച്ചു. എന്നാൽ, അമേരിക്കയുടെ ഈ ആക്രമണം വെടിനിർത്തൽ കരാറിന്റെ കടുത്ത ലംഘനമാണെന്ന് ഇറാൻ ആരോപിച്ചു. പ്രകോപനം തുടർന്നാൽ ശക്തമായ പ്രത്യാക്രമണം ഉണ്ടാകുമെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) മുന്നറിയിപ്പ് നൽകി. നിലവിലെ സൈനിക നീക്കങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്

