ബ്രിസ്ബേൻ: ഡസൻകണക്കിന് കൊച്ചുകുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഓസ്ട്രേലിയയിലെ ഏറ്റവും ക്രൂരനായ പെഡോഫൈൽ (ബാലപീഡകൻ) ആഷ്‌ലി പോൾ ഗ്രിഫിത്ത് ശിക്ഷ കുറയ്ക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചു. തനിക്ക് വിധിച്ച ശിക്ഷാ കാലാവധി അമിതമാണെന്ന് ചൂണ്ടിക്കാട്ടി ഗ്രിഫിത്തിന്റെ അഭിഭാഷകർ ക്വീൻസ്‌ലാൻഡ് അപ്പീൽ കോടതിയിൽ ഹർജി നൽകി.
ചൈൽഡ് കെയർ ജീവനക്കാരനായിരുന്ന ഗ്രിഫിത്തിന്, 2024-ൽ കോടതി 27 വർഷത്തേക്ക് പരോൾ ലഭിക്കാത്ത വിധത്തിലുള്ള ജീവപര്യന്തം തടവുശിക്ഷയാണ് വിധിച്ചിരുന്നത്. എന്നാൽ ഈ കാലയളവ് ‘അമിതവും കഠിനവുമാണ്’ എന്നാണ് വ്യാഴാഴ്ച കോടതിയിൽ ഗ്രിഫിത്തിന്റെ അഭിഭാഷകർ വാദിച്ചത്.
രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന ക്രൂരമായ പീഡനവിവരങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് ഗ്രിഫിത്ത് നിലവിൽ ജയിലിൽ കഴിയുന്നത്. ഒന്ന് മുതൽ ഒൻപത് വയസ്സ് വരെ പ്രായമുള്ള 65 കുട്ടികൾക്കെതിരെ നടത്തിയ 307 ലൈംഗിക അതിക്രമക്കേസുകളിൽ ഗ്രിഫിത്ത് കുറ്റം സമ്മതിച്ചിരുന്നു. ഇതിൽ 2007-നും 2022-നും ഇടയിൽ ക്വീൻസ്‌ലാൻഡിലെ വിവിധ ചൈൽഡ് കെയർ സെന്ററുകളിൽ വെച്ച് മൂന്ന് മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികളെ 28 തവണ ക്രൂരമായി ബലാത്സംഗം ചെയ്ത കേസും ഉൾപ്പെടുന്നു. മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾ സുരക്ഷിതരാണെന്ന് വിശ്വസിച്ചിരുന്ന സ്ഥാപനങ്ങളിൽ വെച്ച്, കുട്ടികൾ ഉറങ്ങുന്ന സമയത്തോ അല്ലെങ്കിൽ അവരെ ആളൊഴിഞ്ഞ കോണുകളിലേക്ക് മാറ്റിയോ ആണ് ഈ ക്രൂരനായ വേട്ടക്കാരൻ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കുരുന്നുകളെ ഇരയാക്കിയിരുന്നത്.
ഗ്രിഫിത്തിന് 25 മുതൽ 30 വർഷം വരെയുള്ള നിശ്ചിത തടവുശിക്ഷയും വളരെ കുറഞ്ഞ പരോൾ കാലാവധിയും മാത്രമേ നൽകേണ്ടിയിരുന്നുള്ളൂ എന്നും ശിക്ഷാ വിധി പുറപ്പെടുവിച്ച ജഡ്ജി പരിധി ലംഘിച്ചുവെന്നുമാണ് പ്രതിഭാഗം ലീഗൽ ടീം കോടതിയിൽ ഉന്നയിച്ചത്. ഗ്രിഫിത്തിന്റെ കുറ്റകൃത്യങ്ങൾ ‘അങ്ങേയറ്റം ഭയപ്പെടുത്തുന്നതാണെന്നും’ വിശ്വാസ്യതയുള്ള പദവിയിലിരുന്ന് ഏറ്റവും ദുർബലരായ കുഞ്ഞുങ്ങളെയാണ് അദ്ദേഹം വേട്ടയാടിയതെന്നും പ്രതിഭാഗം ബാരിസ്റ്റർ സാറാ കാർട്ട്‌ലെഡ്ജ് സമ്മതിച്ചു. എങ്കിലും, സമാനമായ മറ്റ് കടുത്ത ലൈംഗിക അതിക്രമക്കേസുകളെ അപേക്ഷിച്ച് ഗ്രിഫിത്തിന് നൽകിയ പരോൾ ലഭിക്കാത്ത കുറഞ്ഞ ശിക്ഷാ കാലാവധി (27 വർഷം) വളരെ കഠിനമാണെന്നാണ് പ്രതിഭാഗത്തിന്റെ പ്രധാന വാദം.
അറസ്റ്റിലായതു മുതൽ ഗ്രിഫിത്ത് പോലീസിനോട് പൂർണ്ണമായി സഹകരിച്ചിട്ടുണ്ടെന്നും 18 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നും സാറാ കാർട്ട്‌ലെഡ്ജ് ചൂണ്ടിക്കാട്ടി. വിചാരണയിലൂടെ സത്യം പുറത്തുകൊണ്ടുവരേണ്ട സാഹചര്യം അദ്ദേഹം ഉണ്ടാക്കിയില്ലെന്നും, കുറ്റം സമ്മതിച്ചതിലൂടെ കോടതിയുടെ വലിയൊരു സമയമാണ് ലാഭിച്ചതെന്നും അവർ പറഞ്ഞു. ഇരകളായ കുട്ടികളെ കോടതിയിൽ വന്ന് മൊഴി നൽകുന്നതിലേക്ക് വലിച്ചിഴയ്ക്കാതെ അദ്ദേഹം ഒഴുവാക്കി. കേവലം ആരോപണങ്ങൾ സമ്മതിക്കുക മാത്രമല്ല, പോലീസ് ആവശ്യപ്പെടുന്നതിലും അപ്പുറമായി പല പീഡനവിവരങ്ങളും അദ്ദേഹം സ്വയം വെളിപ്പെടുത്തുകയും ഇരകളായ കുട്ടികളെ തിരിച്ചറിയാൻ പോലീസിനെ സഹായിക്കുകയും ചെയ്തുവെന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ, ഗ്രിഫിത്ത് കുറഞ്ഞത് 27 വർഷമെങ്കിലും ജയിലിൽ കിടക്കണമെന്ന ജുഡീഷ്യൽ തീരുമാനമായാണ് ഈ ശിക്ഷാവിധിയെ കാണേണ്ടതെന്ന് അപ്പീൽ പാനലിന് നേതൃത്വം നൽകിയ ജസ്റ്റിസ് ജോൺ ബോണ്ട് നിരീക്ഷിച്ചു. ഈ കുറ്റകൃത്യങ്ങളുടെ ആഘാതം ഇരകളായ കുട്ടികളിലും അവരുടെ കുടുംബങ്ങളിലും മാത്രം ഒതുങ്ങുന്നതല്ലെന്നും സമൂഹത്തെയാകെ ബാധിക്കുന്നതാണെന്നും ജസ്റ്റിസ് ബോണ്ട് വാദത്തിനിടെ ഓർമ്മിപ്പിച്ചു. കേസിൽ അപ്പീൽ കോടതിയുടെ അന്തിമ തീരുമാനം വരും ദിവസങ്ങളിൽ ഉണ്ടാകും.

