മെൽബൺ: മത്സരത്തിനെത്തിച്ച ഗ്രേഹൗണ്ട് റേസിംഗ് നായയുടെ ശരീരത്തിൽ നിരോധിത മയക്കുമരുന്നായ കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്തിയ കേസിൽ, പ്രമുഖ ട്രെയിനർക്കെതിരെ താൽക്കാലിക വിലക്കേർപ്പെ ടുത്തണമെന്ന റെഗുലേറ്ററുടെ ആവശ്യം കോടതി തള്ളി. പ്രമുഖ ട്രെയിനറായ ജെഫ്രി ഡാൾട്ടന് കടുത്ത ശിക്ഷാ നടപടികൾ നൽകേണ്ടതില്ലെന്ന് വിക്റ്റോറിയൻ സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വ്യാഴാഴ്ച ഉത്തരവിട്ടു. 2024-ലെ മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ നായയുടെ ശരീരത്തിൽ കൊക്കെയ്ൻ കണ്ടെത്തിയതിനെ തുടർന്ന് ഇദ്ദേഹത്തിന് നേരത്തെ 300 ഡോളർ പിഴ ചുമത്തിയിരുന്നു.
വിക്റ്റോറിയൻ റേസിംഗ് ട്രൈബ്യൂണൽ 2025 ഫെബ്രുവരിയിൽ ഡാൾട്ടന് ഒൻപത് മാസത്തെ അയോഗ്യത കൽപ്പിച്ചിരുന്നെങ്കിലും അത് പൂർണ്ണമായും സസ്പെൻഡ് ചെയ്തിരുന്നു. ഇതിനാൽ അദ്ദേഹത്തിന് വ്യവസായ ത്തിൽ തുടരുന്നതിന് തടസ്സമുണ്ടായിരുന്നില്ല. എന്നാൽ, സസ്പെൻഡ് ചെയ്ത നടപടി അപര്യാപ്തമാണെന്നും ഡാൾട്ടന് താൽക്കാലിക വിലക്കേർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന റെഗുലേറ്ററായ ‘ഗ്രേഹൗണ്ട് റേസിംഗ് വിക്ടോറിയ’ അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു. ഈ അപ്പീലാണ് വികാറ്റ് ഇപ്പോൾ തള്ളിയത്. ഡാൾട്ടന്റെ ട്രെയിനർ രജിസ്ട്രേഷൻ കാലാവധി 2025 ജൂൺ 30-ഓടെ അവസാനിച്ച സാഹചര്യ ത്തിൽ, സ്വയം മാറിനിൽക്കുന്ന അദ്ദേഹത്തെ വീണ്ടും അയോഗ്യനാക്കുന്നത് കഠിനമായ നടപടിയായിരി ക്കുമെന്ന് ട്രൈബ്യൂണൽ നിരീക്ഷിച്ചു. ഏതാണ്ട് 40 വർഷത്തെ കരിയറിൽ ആദ്യമായാണ് ഡാൾട്ടന്റെ പേരിൽ ഇത്തരമൊരു കറ വീഴുന്നതെന്നും ഇത് അദ്ദേഹത്തിന്റെ വ്യക്തിവിശ്വാസ്യതയെ ബാധിച്ചതായും വിധിന്യായത്തിൽ പറയുന്നു.
2024 മാർച്ച് 6-ന് മെൽബണിലെ ദി മെഡോസിൽ നടന്ന മത്സരത്തിന് മുൻപാണ് ‘സോഡാ അപ്പാച്ചെ’ എന്ന നായയിൽ കൊക്കെയ്ൻ സാന്നിധ്യം കണ്ടെത്തിയത്. എന്നാൽ നായയ്ക്ക് എങ്ങനെയാണ് മയക്കുമരുന്ന് ബാധയേറ്റതെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു ഡാൾട്ടന്റെ വാദം. മത്സരദിവസം തനിക്ക് പോകാൻ സാധിക്കാത്തതിനാൽ നായയുടെ സഹഉടമയായ രജിസ്റ്റേർഡ് ഹാൻഡ്‌ലർ ഒരു വാനിലാണ് നായയെ മത്സരസ്ഥലത്ത് എത്തിച്ചതെന്നും, ഈ വാനിൽ മുൻപ് കൊക്കെയ്ൻ ഉപയോഗിച്ചതിലൂടെയുള്ള മലിനീകരണം ഉണ്ടായിട്ടുണ്ടാകാം എന്നും ഡാൾട്ടൻ മുൻപ് വിആർടിയെ ബോധിപ്പിച്ചിരുന്നു. ഈ വാനിനെക്കുറിച്ചുള്ള അജ്ഞതയും മുൻപ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നതും കണക്കിലെടുത്താണ് വിആർടി അന്ന് അദ്ദേഹത്തിന് അനുകൂലമായ നിലപാടെടുത്തത്.
നിരോധിത മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ സന്ദേശം നൽകാൻ കടുത്ത ശിക്ഷ തന്നെ വേണമെന്ന നിലപാടിലാണ് ജിആർവി (GRV). എങ്കിലും കോടതിവിധിയെ മാനിക്കുന്നുവെന്നും ഇനിമേൽ അപ്പീലിനില്ലെന്നും ജിആർവി ഇൻറ്റെഗ്രിറ്റി മാനേജർ ഷെയ്ൻ ഒകോണൽ വ്യക്തമാക്കി. അതിനിടെ, വിക്ടോറി യൻ റേസിംഗ് ട്രയലുകളില്‍ ഈ വർഷം മാത്രം 30 ഗ്രേഹൗണ്ടുകൾ ചത്തതായും ഈ മാസത്തിൽ മാത്രം ഏഴ് നായ്ക്കൾ ചത്തതായും കാണിച്ച് ‘കോട്ട്ലിഷൻ ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ഗ്രേഹൗണ്ട്സ്’ പുറത്തുവിട്ട കണക്കുകൾ ഈ മേഖലയിലെ മൃഗക്ഷേമത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിട്ടുണ്ട്.

