പിണറായി വിജയന്റെ വസതിയിലെ ഇഡി റെയ്ഡിനെ അപലപിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടൻ

ലണ്ടൻ: പ്രതിപക്ഷനേതാവ് പിണറായി വിജയൻറെ തിരുവനന്തപുരം വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനെ അപലപിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടൻ രംഗത്തെത്തി. നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടുള്ള വേട്ടയാടലിന്റെ ഭാഗമാണെന്നും പാർട്ടി പ്രസ്താവനയിൽ ആരോപിച്ചു.

വലതുപക്ഷ സർക്കാരുകൾ ജനകീയ പ്രസ്ഥാനങ്ങളെയും രാഷ്ട്രീയ എതിരാളികളെയും അടിച്ചമർത്താൻ അന്വേഷണ ഏജൻസികളെയും നിയമ സംവിധാനങ്ങളെയും ആയുധമാക്കുകയാണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടൻ വിമർശിച്ചു. ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് “പ്രതിപക്ഷ വേട്ട” ആണെന്നും പാർട്ടി അഭിപ്രായപ്പെട്ടു. പിണറായി വിജയന് പിന്തുണ അറിയിച്ച് ഡൽഹിയിലെ ഇഡി ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ച സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയെയും പാർട്ടി അപലപിച്ചു. കേന്ദ്ര ഏജൻസികളുടെ നടപടികൾ ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

അതേസമയം, പിണറായി വിജയന്റെ തിരുവനന്തപുരം വസതിയിലും കണ്ണൂരിലെ വീട്ടിലുമായി ഇഡി നടത്തിയ പരിശോധനകൾക്ക് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സിപിഎം പ്രതിഷേധം ശക്തമായി. ചില ഇടങ്ങളിൽ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് നേരെ ആക്രമണവും ഉണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് നാല് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *