കുംഭമേള വൈറൽ താരത്തിന്റെ ഭർത്താവ് മുഹമ്മദ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: കുംഭമേളയിലൂടെ ശ്രദ്ധേയയായ മോണാലിസയുടെ ഭർത്താവ് മുഹമ്മദ് ഫർമാൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കേരള ഹൈക്കോടതി പരിഗണിക്കും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തെന്നാരോപിച്ച് മധ്യപ്രദേശിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുമായി ബന്ധപ്പെട്ടാണ് ഫർമാൻ കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസിൽ ഫർമാനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ചിരുന്നു. അതേസമയം, കേസ് മധ്യപ്രദേശിൽ രജിസ്റ്റർ ചെയ്തതിനാൽ കേരള ഹൈക്കോടതിക്ക് സാധാരണ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനാകില്ലെന്നും ട്രാൻസിറ്റ് മുൻകൂർ ജാമ്യത്തിനായിരിക്കണം സമീപിക്കേണ്ടിയിരുന്നതെന്നുമാണ് മധ്യപ്രദേശ് സർക്കാരിന്റെ വാദം. മധ്യപ്രദേശ് സർക്കാരിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു കോടതിയിൽ ഹാജരായി.

കേസുമായി ബന്ധപ്പെട്ട എഫ്‌ഐആർ മധ്യപ്രദേശിലാണുള്ളതെന്നും അവിടത്തെ കോടതിയെ സമീപിക്കാമായിരുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇതേ തുടർന്ന് ഹർജി ഇന്നത്തേക്ക് മാറ്റിവെച്ചിരിക്കുകയായിരുന്നു. മൊണാലിസയും മുഹമ്മദ് ഫർമാനും മാർച്ചിൽ കേരളത്തിൽ വിവാഹിതരായിരുന്നു. തുടർന്ന് പെൺകുട്ടി പ്രായപൂർത്തിയാകാത്തയാളാണെന്ന ആരോപണത്തെ തുടർന്ന് ദേശീയ പട്ടികവർഗ കമ്മിഷന്റെ ഇടപെടലിനുശേഷം മധ്യപ്രദേശ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കേസും വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉയർന്ന പശ്ചാത്തലത്തിൽ ദമ്പതികൾ മധ്യപ്രദേശ് ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയെന്നാണ് അവർ ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *