വാഷിംഗ്ടൺ: ലബനനിലെ ഹെസ്ബുള്ള ഭീകരര്‍ക്കെതിരെ ഇസ്രായേല്‍ സൈന്യം നടത്തുന്ന സൈനിക നീക്കങ്ങള്‍ വിപുലീകരിക്കുന്നതിനെ പിന്തുണച്ച് അമേരിക്കയിലെ ഡോണാള്‍ഡ് ട്രംപ് ഭരണകൂടം. ലബനനില്‍ ഹെസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേല്‍ ശക്തമായ ആക്രമണത്തിന് ഒരുങ്ങുന്നതിനിടെയാണ് വാഷിംഗ്ടണിന്റെ നിലപാട് മാറ്റം വ്യക്തമാക്കുന്ന സുപ്രധാന വിവരങ്ങള്‍ പുറത്തുവന്നത്. പ്രമുഖ മാധ്യമമായ ‘ആക്സിയോസ്’ പ്പോര്‍ട്ടര്‍ ബരാക് റാവിഡിനെ ഉദ്ധരിച്ച് ഒരു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇസ്രായേലിന്റെ ജനവാസ മേഖലകള്‍ക്കും സൈന്യത്തിനും നേരെ ഹെസ്ബുള്ള നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കാനാകില്ലെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകളും അന്ത്യശാസനങ്ങളും ഹെസ്ബുള്ള പൂര്‍ണ്ണമായി അവഗണിച്ചതായി യുഎസ് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ സൈന്യത്തിന് നേരെയും പൗരന്മാര്‍ക്ക് നേരെയും ഉണ്ടാകുന്ന ആക്രമണങ്ങളെ ഇസ്രായേല്‍ നിഷ്‌ക്രിയമായി നോക്കിനില്‍ക്കുമെന്ന് ആരും കരുതേണ്ടതില്ലെന്നും, ഇത് പഴയ ബൈഡന്‍ ഭരണകൂടമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ മാത്രം ഹെസ്ബുള്ള ഇസ്രായേലിന് നേരെ ആയിരത്തിലധികം ഡ്രോണുകളും എഴുന്നൂറിലധികം റോക്കറ്റുകളും പ്രയോഗിച്ചതായാണ് യുഎസ് വിലയിരുത്തൽ. ഇസ്രായേലും ലബനനും തമ്മിൽ നിലവിൽ പുരോഗമിക്കുന്ന സമാധാന ചർച്ചകളെ അട്ടിമറിക്കാനാണ് ഹെസ്ബുള്ളയുടെ ശ്രമം. ലബനൻ സർക്കാരിന്റെ നേതൃത്വത്തിൽ വെടിനിർത്തൽ യാഥാർത്ഥ്യമായാൽ അത് ഹെസ്ബുള്ളയുടെ ശക്തിയെയും അവരുടെ നിലനിൽപ്പിനെയും ബാധിക്കുമെന്ന ഭയമാണ് ഈ പ്രകോപനങ്ങൾക്ക് പിന്നിലെന്നും അമേരിക്കൻ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഹെസ്ബുള്ളയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ ഇസ്രായേലിന് കൂടുതൽ സൈനിക സ്വാതന്ത്ര്യം നൽകുന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നിലപാട്.

