ലാവോസ് ഗുഹയിലെ രക്ഷാപ്രവർത്തനം, കുടുങ്ങിക്കിടന്ന 4 ഖനി തൊഴിലാളികളെക്കൂടി പുറത്തെത്തിച്ചു; രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു

വിയന്റിയൻ: ലാവോസിലെ വെള്ളപ്പൊക്കത്തെത്തുടർന്ന് ഗുഹയ്ക്കുള്ളിൽ 10 ദിവസമായി കുടുങ്ങിക്കിടന്ന നാല് ഖനി തൊഴിലാളികളെക്കൂടി അന്താരാഷ്ട്ര ഡൈവിംഗ് സംഘം വിജയകരമായി പുറത്തെത്തിച്ചു. ഇതോടെ വെള്ളിയാഴ്ച രക്ഷപ്പെടുത്തിയ ഒരാൾ ഉൾപ്പെടെ ആകെ അഞ്ച് പേർ സുരക്ഷിതരായി പുറത്തെത്തി. എന്നാൽ ഗുഹയ്ക്കുള്ളിൽ കാണാതായ മറ്റ് രണ്ട് തൊഴിലാളികൾക്കായുള്ള തിരച്ചിൽ അതീവ ദുഷ്കരമായ സാഹചര്യത്തിലും തുടരുകയാണ്.

മധ്യ ലാവോസിലെ സെയ്‌സോംബൂൺ പ്രവിശ്യയിലുള്ള ഉപേക്ഷിക്കപ്പെട്ട സ്വർണ്ണ ഖനിയായ ഗുഹയ്ക്കുള്ളിൽ വന്യജീവികളെ വേട്ടയാടാനും സ്വർണ്ണ അയിര് തിരയാനുമായി പ്രവേശിച്ച ഏഴ് ഗ്രാമീണരാണ് കനത്ത മഴയെത്തുടർന്നുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിൽ അകപ്പെട്ടത്. വെള്ളത്തോടൊപ്പം ഒഴുകിയെത്തിയ മണ്ണും ചെളിയും കല്ലുകളും ഗുഹയുടെ പ്രധാന പ്രവേശന കവാടം അടച്ചതോടെ ഇവർ ഉള്ളിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ബുധനാഴ്ചയാണ് ഗുഹയുടെ കവാടത്തിൽ നിന്നും 300 മീറ്റർ ഉള്ളിലെ ഒരു ഉയർന്ന പാറക്കെട്ടിൽ ഒന്നിച്ച് കൂടിയിരിക്കുന്ന നിലയിൽ ഇവരിൽ അഞ്ച് പേരെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാത്രിയോടെ ആദ്യത്തെയാളെ അതിസാഹസികമായി പുറത്തെത്തിച്ചിരുന്നു. തുടർന്ന് ശനിയാഴ്ചയാണ് ബാക്കി നാല് പേരെക്കൂടി ഡൈവേഴ്സ് സംഘം സുരക്ഷിതമായി പുറത്തെത്തിച്ചത്. ഇടുങ്ങിയതും ചെളി നിറഞ്ഞതുമായ വെള്ളത്തിനടിയിലൂടെ ഒട്ടും കാഴ്ചയില്ലാത്ത സാഹചര്യത്തിലാണ് അന്താരാഷ്ട്ര സംഘം ഈ ദൗത്യം പൂർത്തിയാക്കിയത്. പുറത്തെത്തിച്ച തൊഴിലാളികൾക്ക് അടിയന്തര വൈദ്യസഹായവും ഓക്സിജൻ മാസ്കുകളും ലഭ്യമാക്കി. പ്രശസ്തമായ തായ്‌ലൻഡ് ഗുഹാ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഡൈവർമാരും ലാവോസ്, തായ്‌ലൻഡ്, ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും അടങ്ങുന്ന നൂറിലധികം രക്ഷാപ്രവർത്തകരാണ് ഈ ദൗത്യത്തിൽ പങ്കാളികളാകുന്നത്. കാണാതായ മറ്റ് രണ്ട് പേർക്കായി ഗുഹയുടെ ഉൾഭാഗങ്ങളിൽ തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *