തൊടുപുഴ: തൊടുപുഴ സ്മിത ഹോസ്പിറ്റലിൽ ഡ്യൂട്ടിക്കിടെ നഴ്സ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തെത്തുടർന്ന് ആശുപത്രിയിൽ വൻ പ്രതിഷേധം. ചീഫ് നഴ്സിങ് ഓഫീസറും സൂപ്പർവൈസറും ഉൾപ്പെടെയുള്ള മേലുദ്യോഗസ്ഥർ തുടർച്ചയായി മാനസികമായി പീഡിപ്പിച്ചതാണ് നഴ്സിനെ ഇത്തരമൊരു കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് ആരോപണം. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകരും ബി.ജെ.പി യുവമോർച്ച പ്രവർത്തകരും ആശുപത്രിക്ക് ഉള്ളിൽ പ്രവേശിച്ച് ശക്തമായ രീതിയിൽ മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചു.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് കുറ്റക്കാരായ മൂന്ന് മേലുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി കാണിച്ചുള്ള കത്ത് നേതാക്കൾക്ക് കൈമാറിയെങ്കിലും, ഔദ്യോഗിക ലെറ്റർപാഡിൽ അല്ലാതെ വെറും വെള്ളക്കടലാസിൽ എഴുതി നൽകിയ വിശദീകരണം അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് യുവജന സംഘടനകൾ പ്രതിഷേധം തുടർന്നത്. പ്രതികളായ ഉദ്യോഗസ്ഥരെ നാളത്തെ ഡ്യൂട്ടി ലിസ്റ്റിൽ ഉൾപ്പെടുത്തിയതായും ആരോപണമുണ്ട്. ഐ.സി.യുവിൽ കഴിയുന്ന ഇരയായ നഴ്സിനൊപ്പം പ്രതികളെ ഡ്യൂട്ടിക്ക് നിയോഗിക്കാനുള്ള നീക്കത്തിനെതിരെയും വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നു.
സംഭവത്തിൽ നഴ്സസ് അസോസിയേഷൻ പ്രതിനിധികളും ആശുപത്രി അധികൃതരുമായി ചർച്ച നടത്തിയെങ്കിലും അനുകൂലമായ ഉറപ്പുകളൊന്നും ലഭിച്ചിരുന്നില്ല. മൂന്ന് ഉദ്യോഗസ്ഥരെയും ജോലിയിൽ നിന്ന് മാറ്റിനിർത്തി കൃത്യമായ അന്വേഷണം ഉറപ്പാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇന്ന് പുലർച്ചെയാണ് നഴ്സ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം ഉണ്ടായത്. എന്നാൽ മണിക്കൂറുകൾ പിന്നിട്ടിട്ടും വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ ആശുപത്രി മാനേജ്മെന്റ് തയ്യാറായിട്ടില്ല. പ്രതിഷേധത്തെ തുടർന്ന് ആശുപത്രി പരിസരത്ത് നിലവിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്

