ചെല്ലാനം ടെട്രാപോഡ് കടൽഭിത്തി രണ്ടാം ഘട്ട നിർമ്മാണം അടിയന്തരമായി ആരംഭിക്കണം: മുഹമ്മദ് ഷിയാസ് എം.എൽ.എ

കൊച്ചി: ചെല്ലാനം ടെട്രാപോഡ് കടൽഭിത്തിയുടെ രണ്ടാം ഘട്ട നിർമ്മാണം അടിയന്തരമായി ആരംഭിക്കണമെന്ന് മുഹമ്മദ് ഷിയാസ് എം.എൽ.എ. കാക്കനാട് കളക്ടറേറ്റിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന പ്രത്യേക അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കുന്നതിനുള്ള തടസ്സങ്ങൾ എത്രയും വേഗം നീക്കണമെന്നും, അതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായ ഇടപെടലുകൾ നടത്തണമെന്നും എം.എൽ.എ നിർദ്ദേശിച്ചു. ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെയുള്ള തീരപ്രദേശത്തിന്റെ സംരക്ഷണത്തിനും സൗന്ദര്യവൽക്കരണത്തിനുമായി പുതിയ പദ്ധതി ആവിഷ്കരിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) എത്രയും വേഗം തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, നിലവിൽ കടലാക്രമണം രൂക്ഷമായി നേരിടാൻ ചെല്ലാനം തീരത്ത് ജിയോ ബാഗുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക യോഗത്തിൽ അറിയിച്ചു. ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന അവലോകന യോഗത്തിൽ ജല അതോറിറ്റി ഡയറക്ടർ പി.ബി നൂഹ്, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *