നെടുമങ്ങാട്: ഒന്നര വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതി അഷ്കർ (31) കുറ്റം സമ്മതിച്ചു. കരിക്കുഴിയിലെ വാടക വീട്ടിൽ വെച്ച് ഭക്ഷണം നൽകിയപ്പോൾ കുഞ്ഞ് കരഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്നും, കുഞ്ഞിന്റെ തല ഭിത്തിയിൽ ഇടിപ്പിക്കുകയായിരുന്നുവെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. പ്രതികളായ കുട്ടിയുടെ അമ്മ അഖിലയെയും പങ്കാളി അഷ്കറിനെയും ഇന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. ഇരുവരെയും കോടതി റിമാൻഡ് ചെയ്തേക്കുമെന്നാണ് സൂചന. തുടർന്ന് അഖിലയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കാനാണ് പൊലീസ് ആലോചിക്കുന്നത്.
കഴിഞ്ഞദിവസം അഷ്കറുമായി നടത്തിയ തെളിവെടുപ്പിനിടെ പ്രതിക്കെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഞായറാഴ്ച രാവിലെ 11:15 ഓടെ പൊലീസ് സംഘം അഷ്കറുമായി ഇവർ താമസിച്ചിരുന്ന കരിക്കുഴിയിലെ വാടക വീട്ടിൽ എത്തിയപ്പോൾ കടുത്ത ജനരോഷമാണ് ഉണ്ടായത്. ഏറെ പാടുപെട്ടാണ് പൊലീസ് സംഘം പ്രതിയുമായി വീട്ടിൽ പ്രവേശിച്ചതും മടങ്ങിയതും. ഇതിനിടെ നാട്ടുകാർ പ്രതിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. എന്നാൽ, തെളിവെടുപ്പിനിടെ ഒട്ടും കൂസലില്ലാതെയാണ് അഷ്കർ താൻ ചെയ്ത ക്രൂരതകൾ പൊലീസിനോട് വിവരിച്ചത്.
അതിനിടെ, അഷ്കറിനെതിരെ ആദ്യ ഭാര്യ ആമിനയുടെ കുടുംബം ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. അഷ്കറിന്റെ ക്രൂരമായ മർദനത്തിൽ തലയോട്ടി തകർന്ന് മകളുടെ ശരീരം തളർന്നുവെന്ന് ആമിനയുടെ അമ്മ വെളിപ്പെടുത്തി. അഷ്കറുമായുള്ള വിവാഹത്തെ തങ്ങൾ എതിർത്തിരുന്നെങ്കിലും മകളെ വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നുവെന്നും അന്നുമുതൽ മകൾ ക്രൂരമായ ഉപദ്രവങ്ങൾ നേരിട്ടിരുന്നുവെന്നും അമ്മ പറഞ്ഞു. സ്വർണവും പണവും വീടും ചോദിച്ചായിരുന്നു പീഡനം. ആമിനയുടെ തല ഭിത്തിയിൽ ഇടിപ്പിക്കുകയും അടിവയറ്റിൽ ചവിട്ടുകയും ചെയ്തു. പല തവണ കൊല്ലാൻ ഒരുങ്ങിയതിനെതിരെ ആറു തവണ പൊലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും കുടുംബം ആരോപിച്ചു. നിലവിൽ ഒരു മാസത്തിലധികമായി മെഡിക്കൽ കോളേജിലെ റീഹാബിലിറ്റേഷൻ സെന്ററിൽ ചികിത്സയിലാണ് ആമിന.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഖിലയുടെ ആദ്യ ഭർത്താവിലുള്ള ഒന്നര വയസ്സുകാരൻ മരിക്കുന്നത്. തൊണ്ടയിൽ ഭക്ഷണം കുരുങ്ങി ഛർദിച്ചുവെന്ന് പറഞ്ഞ് കുട്ടിയെ അഷ്കർ തന്നെയാണ് എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ കുട്ടി മരണമടയുകയായിരുന്നു. തുടർന്ന് നടന്ന പോസ്റ്റ്മോർട്ടത്തിലാണ് കുട്ടിയുടെ ശരീരത്തിൽ 51 മുറിവുകൾ കണ്ടെത്തിയത്. ജനനേന്ദ്രിയത്തിൽ അടക്കം ആഴത്തിൽ മുറിവേറ്റിരുന്നു. കാലിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകളും കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. തുടർന്ന് കുട്ടിയുടെ അമ്മ അഖിലയെയും അഷ്കറിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആദ്യ ഭർത്താവിന്റെ മരണശേഷമാണ് അഖില മകനുമായി അഷ്കറിനൊപ്പം വാടക വീട്ടിൽ താമസം തുടങ്ങിയത്.

