അയർലൻഡിൽ സെക്യൂരിറ്റി ജീവനക്കാർ കഴുത്തിൽ കാൽമുട്ടൂന്നി ശ്വാസം മുട്ടിച്ചു കൊന്ന കോംഗോ സ്വദേശിക്ക് രണ്ടാമതും പോസ്റ്റ്മോർട്ടം

ഡബ്ലിൻ: ഡബ്ലിൻ തെരുവിൽ കടയിലെ സെക്യൂരിറ്റി ജീവനക്കാർ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുന്നതിനിടെ ശ്വാസം മുട്ടി മരിച്ച കോംഗോ സ്വദേശിയായ യുവാവിന്റെ മൃതദേഹം രണ്ടാമതും പോസ്റ്റ്മോർട്ടം ചെയ്യാൻ അയർലൻഡ് അധികൃതർ അനുമതി നൽകി. മുപ്പത്തിയഞ്ചുകാരനായ യീവ്സ് സാകില കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യാന്തര തലത്തിൽ വരെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് നടപടി. അമേരിക്കയിൽ പോലീസ് ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട ജോർജ്ജ് ഫ്ലോയിഡിന്റെ മരണത്തോടാണ് ഈ സംഭവത്തെ മനുഷ്യാവകാശ പ്രവർത്തകർ ഉപമിക്കുന്നത്.

ഇംഗ്ലണ്ടിൽ നിന്നുള്ള സ്വതന്ത്ര ഫോറൻസിക് പതോളജിസ്റ്റായ ഡേവിഡ് റൂസ് ഈ ആഴ്ച മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും. മേയ് 15-നാണ് ഡബ്ലിൻ നഗരമധ്യത്തിൽ വെച്ച് യീവ്സ് സാകില കൊല്ലപ്പെടുന്നത്. നഗരത്തിലെ പ്രമുഖ ഡിപ്പാർട്ട്മെന്റ് സ്റ്റോറായ ‘ആർനോട്സ്’ എന്ന കടയിൽ നിന്നും സാകില പെർഫ്യൂം മോഷ്ടിച്ചുവെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാർ ഇയാളെ പിന്തുടരുകയായിരുന്നു. ഓടിപ്പിടിച്ച ജീവനക്കാർ തെരുവിൽ വെച്ച് ഇയാളെ മലർത്തിയടിച്ച് അഞ്ച് മിനിറ്റോളം നിലത്തു കിടത്തി ശ്വാസം മുട്ടിച്ചു. തുടർന്ന് പോലീസ് എത്തിയപ്പോഴേക്കും ഇയാൾ ബോധരഹിതനായിരുന്നു. ഉടൻ തന്നെ മാറ്റർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

സെക്യൂരിറ്റി ജീവനക്കാർ സാകിലയെ കമിഴ്ത്തിക്കിടത്തി കഴുത്തിൽ കാൽമുട്ടൂന്നി ശ്വാസം മുട്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമാകാത്തതിനെ തുടർന്നാണ് കുടുംബത്തിന്റെ ആവശ്യപ്രകാരം രണ്ടാമതും പോസ്റ്റ്മോർട്ടം നടത്താൻ അധികൃതർ തീരുമാനിച്ചത്. കുടുംബത്തിന്റെ അഭിഭാഷകൻ ജോൺ ജെറാർഡ് കല്ലൻ സംഭവവുമായി ബന്ധപ്പെട്ട് 41 ചോദ്യങ്ങൾ അടങ്ങിയ കത്ത് പോലീസിന് കൈമാറിയിട്ടുണ്ട്. കേസിൽ അയർലൻഡ് ഔദ്യോഗിക പോലീസ് സേനയായ ‘അൻ ഗാർഡ സീയോചാന’ വിശദമായ അന്വേഷണം ആരംഭിച്ചു.

അതിനിടെ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ വിദേശകാര്യ മന്ത്രി തെരേസ് കായിക്വംബ വാഗ്നർ കഴിഞ്ഞ ആഴ്ച ഡബ്ലിൻ സന്ദർശിച്ച് അയർലൻഡ് പ്രസിഡന്റ് കാതറിൻ കൊണോലി, ജസ്റ്റിസ് മന്ത്രി ജിം ഒക്കലഹാൻ, വിദേശകാര്യ മന്ത്രി ഹെലൻ മക്എൻ ടീ എന്നിവരുമായി ചർച്ച നടത്തി. പകൽവെളിച്ചത്തിൽ നടന്ന ഈ ക്രൂരതയ്ക്ക് പിന്നിലെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരണമെന്നും നീതി ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 2004 മുതൽ അയർലൻഡിൽ താമസിക്കുന്ന സാകില ഒരു ഭവനരഹിത അഭയ കേന്ദ്ര ത്തിലായിരുന്നു കഴിഞ്ഞിരുന്നത്. ഈ സംഭവം അയർലൻഡിലെ വംശീയ അധിക്ഷേപങ്ങളെയും കുടിയേറ്റ വിരുദ്ധ നിലപാടുകളെയും കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *