ശക്തമായ ചുഴലിക്കാറ്റും പ്രളയവും; പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ വിനാശകരമായ കൊടുങ്കാറ്റ്, പരക്കെ നാശനഷ്ടം

പെർത്ത്: പടിഞ്ഞാറൻ ഓസ്‌ട്രേലിയൻ തീരത്ത് ശക്തമായ ന്യൂനമർദ്ദത്തെ തുടർന്ന് വിനാശകരമായ കൊടുങ്കാറ്റും കനത്ത മഴയും. മണിക്കൂറിൽ 125 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റാണ് പെർത്തിലും പടിഞ്ഞാറൻ ഓസ്‌ട്രേലിയൻ തീരപ്രദേശങ്ങളിലും ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം വീശിയടിച്ചത്. കനത്ത നാശനഷ്ടങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ നിറയുകയാണ്. സംസ്ഥാനത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള മാന്ദുരയിൽ ഒരു വലിയ ഷെഡ് കാറ്റിൽ പറന്ന് സ്വിമ്മിംഗ് പൂളിലേക്ക് വീഴുന്ന ദൃശ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

വരും മണിക്കൂറുകളിലും അതിശക്തമായ കാറ്റ് തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഡിപ്പാർട്ട്മെന്റ് ഓഫ് ഫയർ ആൻഡ് എമർജൻസി സർവീസസ് മുന്നറിയിപ്പ് നൽകി. അപൂർവ്വമായി മാത്രം ഉണ്ടാകാറുള്ള ഇത്തരമൊരു ശക്തമായ കാറ്റിൽ മരങ്ങളും വൈദ്യുത ലൈനുകളും ഒടിഞ്ഞുവീഴാൻ സാധ്യതയുണ്ട്. നിലവിൽ പെർത്തിലും പരിസരപ്രദേശങ്ങളിലുമായി 130-ലധികം സ്ഥലങ്ങളിൽ വൈദ്യുതി ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തുടനീളം 14,600-ലധികം ഉപഭോക്താക്കളെ ഇത് ബാധിച്ചതായി ‘വെസ്റ്റേൺ പവർ’ അറിയിച്ചു. കെയിപ് ലീവിനിൽ മണിക്കൂറിൽ 117 കിലോമീറ്റർ വേഗതയിലും, കെയിപ് നാച്ചുറലിസ്റ്റിൽ 104 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ് രേഖപ്പെടുത്തിയത്.

ന്യൂനമർദ്ദത്തെ തുടർന്ന് കടൽക്ഷോഭവും എട്ട് മീറ്ററോളം ഉയരമുള്ള ശക്തമായ തിരമാലകളുമാണ് തീരത്ത് അനുഭവപ്പെടുന്നത്. പെർത്ത് നഗരമധ്യത്തിൽ ഉണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിൽ നിരവധി വാഹനങ്ങൾ റോഡിൽ കുടുങ്ങുകയും കാൽനടപ്പാതകൾ വെള്ളത്തിനടിയിലാവുകയും ചെയ്തു. ജനങ്ങൾ ജനലുകൾ അടച്ച് വീടുകൾക്കുള്ളിൽ തന്നെ സുരക്ഷിതമായിരിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡ്യൂട്ടി ഫോർകാസ്റ്റർ ലൂക്ക് ഹണ്ടിംഗ്ടൺ അറിയിച്ചു. ഒപ്റ്റസ് സ്റ്റേഡിയത്തിൽ നടക്കുന്ന വെസ്റ്റ് കോസ്റ്റ് ഈഗിൾസ് – എസ്സെൻഡൻ ഫുട്ബോൾ മത്സരം കാണാൻ എത്തുന്നവരും മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

അതിനിടെ, പെർത്തിന്റെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുനിന്നും ഈ മോശം കാലാവസ്ഥയ്ക്കിടയിൽ കാണാതായ 11 വയസ്സുകാരനായ ഓട്ടിസം ബാധിതനായ ബാലനെ എട്ട് മണിക്കൂർ നീണ്ട വലിയ തിരച്ചിലിനൊടുവിൽ സുരക്ഷിതമായി കണ്ടെത്തി. സംസാരശേഷിയില്ലാത്ത കുട്ടിക്കായി പോലീസും സ്റ്റേറ്റ് എമർജൻസി സർവീസ് വോളന്റിയർമാരും കുതിരപ്പുറത്തും കാൽനടയായും നടത്തിയ വലിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.പെർത്തിൽ നിന്നും 200 കിലോമീറ്റർ തെക്കുള്ള ലുഡ്‌ലോയിൽ ശനിയാഴ്ച രാത്രി രണ്ട് മണിക്കൂറിനുള്ളിൽ 43 മില്ലിമീറ്റർ മഴയാണ് പെയ്തത്. ഈ പസിഫിക് ന്യൂനമർദ്ദവും തണുത്ത കാറ്റും തിങ്കളാഴ്ചയോടെ സൗത്ത് ഓസ്‌ട്രേലിയയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് നീങ്ങുമെന്നും, അഡ്‌ലെയ്ഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ കാറ്റും മഴയും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *