ന്യൂഡൽഹി: ഇന്ത്യയും ഒമാനും തമ്മിൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (Comprehensive Economic Partnership Agreement – CEPA) ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്നു. കരാർ നിലവിൽ വന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാരം, നിക്ഷേപം, സേവനമേഖല സഹകരണം എന്നിവ കൂടുതൽ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ.
2025 ഡിസംബർ 18-ന് ഒമാനിലെ മസ്കറ്റിൽ വെച്ചാണ് കരാർ ഒപ്പുവെച്ചത്. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയുഷ് ഗോയൽ കരാർ പ്രാബല്യത്തിൽ വന്നതായി സ്ഥിരീകരിച്ചു. കരാർ പ്രകാരം ഒമാൻ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ 98 ശതമാനത്തിലധികം ടാരിഫ് ലൈനുകൾക്ക് തീരുവയില്ലാത്ത പ്രവേശനം നൽകും. ഇതിലൂടെ ഇന്ത്യൻ കയറ്റുമതിക്കാർക്ക് ഒമാൻ വിപണിയിൽ കൂടുതൽ മത്സരക്ഷമത ലഭിക്കും.
ഭക്ഷ്യവസ്തുക്കൾ, കാർഷിക ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങൾ, രാസവസ്തുക്കൾ, എഞ്ചിനിയറിങ് ഉൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, സമുദ്രോൽപ്പന്നങ്ങൾ, വാഹന-ഓട്ടോമൊബൈൽ മേഖലകൾ എന്നിവയ്ക്ക് പ്രത്യേക നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. സേവനമേഖലയിലും തൊഴിലവസരങ്ങളിലും കരാർ ഗുണം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ഒമാനിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് തൊഴിലാളികളെ നിയമിക്കുന്നതും സേവനങ്ങൾ വ്യാപിപ്പിക്കുന്നതും കൂടുതൽ എളുപ്പമാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ പശ്ചിമേഷ്യൻ സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഊർജസുരക്ഷയും വ്യാപാരമാർഗ വൈവിധ്യവൽക്കരണവും ഉറപ്പാക്കുന്നതിനും ഈ കരാർ നിർണായകമാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

