ദക്ഷിണ കൊറിയയിലെ പ്രതിരോധ നിർമാണശാലയിൽ സ്ഫോടനം; അഞ്ച് തൊഴിലാളികൾ മരിച്ചു

ദക്ഷിണ കൊറിയയിലെ പ്രതിരോധ നിർമാണശാലയിൽ സ്ഫോടനം; അഞ്ച് തൊഴിലാളികൾ മരിച്ചു

സോൾ: ദക്ഷിണ കൊറിയയിലെ പ്രമുഖ പ്രതിരോധ-വ്യോമയാന കമ്പനിയുടെ നിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിലും തുടർന്നുണ്ടായ തീപിടിത്തത്തിലും അഞ്ച് തൊഴിലാളികൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.

റോക്കറ്റ് പ്രൊപ്പല്ലന്റ് (rocket propellant) നിർമ്മാണവുമായി ബന്ധപ്പെട്ട യൂണിറ്റിൽ തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 10.59-ഓടെയാണ് സ്ഫോടനം ഉണ്ടായത്. തുടർന്ന് തീപിടിത്തമുണ്ടാകുകയും രക്ഷാപ്രവർത്തനത്തിനായി നൂറിലധികം അഗ്നിരക്ഷാസേനാംഗങ്ങളെ വിന്യസിക്കുകയും ചെയ്തു. മരിച്ചവരിൽ ഇരുപതുകളിലുള്ള രണ്ട് താൽക്കാലിക തൊഴിലാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പരിക്കേറ്റവരിൽ ഒരാൾക്ക് ഗുരുതര പൊള്ളലേറ്റതായും അധികൃതർ അറിയിച്ചു. സ്ഫോടനത്തിന്റെ ആഘാതം മൂലം മൃതദേഹങ്ങൾ തിരിച്ചറിയുന്നത് ബുദ്ധിമുട്ടായതിനാൽ തിരിച്ചറിയൽ നടപടികൾ പുരോഗമിക്കുകയാണ്. സ്ഫോടനം ഉണ്ടായതിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. സ്ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയായിരിക്കാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ ദക്ഷിണ കൊറിയൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച കമ്പനി അധികൃതർ അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *