അമേരിക്കൻ ആകാശത്ത് ഉൽക്ക പൊട്ടിത്തെറിച്ചു; നിരവധി സംസ്ഥാനങ്ങളിൽ വലിയ ശബ്ദം, വീടുകൾ കുലുങ്ങിയതായി റിപ്പോർട്ട്

വാഷിങ്ടൺ: അമേരിക്കയുടെ വടക്കുകിഴക്കൻ മേഖലയിലെ ആകാശത്ത് അതിവേഗത്തിൽ സഞ്ചരിച്ച ഉൽക്ക (meteor) അന്തരീക്ഷത്തിൽവെച്ച് പൊട്ടിത്തെറിച്ചതിനെ തുടർന്ന് നിരവധി സംസ്ഥാനങ്ങളിൽ വലിയ ശബ്ദം കേൾക്കുകയും വീടുകൾ കുലുങ്ങിയതായി ആളുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. സംഭവം ശനിയാഴ്ച ഉച്ചയ്ക്കാണ് നടന്നത്.

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ വിവരമനുസരിച്ച്, ഏകദേശം ഒരു മീറ്റർ (മൂന്ന് അടി) വലിപ്പമുള്ള ഉൽക്ക മണിക്കൂറിൽ 1.2 ലക്ഷം കിലോമീറ്ററിലധികം വേഗത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് മസാച്യുസെറ്റ്സിന്റെയും ന്യൂ ഹാംഷയറിന്റെയും അതിർത്തിക്ക് മുകളിലൂടെ ഏകദേശം 64 കിലോമീറ്റർ ഉയരത്തിൽവെച്ച് അത് വിഘടിച്ച് പൊട്ടിത്തെറിച്ചു. ഉൽക്ക പൊട്ടിത്തെറിക്കുമ്പോൾ പുറത്തുവന്ന ഊർജം ഏകദേശം 300 ടൺ TNT സ്ഫോടനത്തിന് തുല്യമാണെന്ന് നാസ വിലയിരുത്തി. ഇതാണ് പല പ്രദേശങ്ങളിലും കേട്ട ശക്തമായ “ഡബിൾ ബൂം” ശബ്ദത്തിനും കെട്ടിടങ്ങൾ വിറച്ചതായി അനുഭവപ്പെട്ടതിനും കാരണമായത്.

മസാച്യുസെറ്റ്സ്, റോഡ് ഐലൻഡ്, ന്യൂ ഹാംഷയർ എന്നിവിടങ്ങളിലടക്കം നിരവധി പ്രദേശങ്ങളിലെ താമസക്കാർ വലിയ പൊട്ടിത്തെറി ശബ്ദം കേട്ടതായും ജനലുകൾ കുലുങ്ങിയതായും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു. ചിലർ ഭൂചലനമുണ്ടായതാണെന്ന് കരുതിയാണ് അധികൃതരെ ബന്ധപ്പെട്ടത്. എന്നാൽ യു.എസ്. ജിയോളജിക്കൽ സർവേയുടെ (USGS) സീസ്മോഗ്രാഫുകളിൽ ഭൂചലന സൂചനകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവം ഡെലവെയർ മുതൽ കാനഡയിലെ മോൺട്രിയൽ വരെയുള്ള വിശാല പ്രദേശങ്ങളിൽ ദൃശ്യമായിരുന്നു.

നിരവധി വാഹനങ്ങളിലെ ഡാഷ്‌ക്യാമുകളും സുരക്ഷാ ക്യാമറകളും ആകാശത്തിലൂടെ പാഞ്ഞുപോകുന്ന തീഗോളത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. ഇത് സാറ്റലൈറ്റ് അവശിഷ്ടങ്ങളോ ബഹിരാകാശ മാലിന്യങ്ങളോ അല്ലെന്നും സ്വാഭാവികമായുണ്ടാകുന്ന ഒരു ഉൽക്കയാണെന്നും നാസ വ്യക്തമാക്കി. നിലവിൽ സജീവമായ ഒരു ഉൽക്കാവർഷവുമായി (meteor shower) ഈ സംഭവം ബന്ധപ്പെട്ടിട്ടില്ലെന്നും ഏജൻസി അറിയിച്ചു. ഉൽക്കയുടെ ഭൂരിഭാഗവും അന്തരീക്ഷത്തിൽ കത്തിയമർന്നിരിക്കാനാണ് സാധ്യതയെന്നും എന്തെങ്കിലും അവശിഷ്ടങ്ങൾ ശേഷിച്ചിട്ടുണ്ടെങ്കിൽ അവ അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ചിരിക്കാമെന്നും വിദഗ്ധർ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *