നീറ്റ്-യുജി പുനഃപരീക്ഷ ഓൺലൈനാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ജൂൺ 21-ന് നടത്താനിരിക്കുന്ന നീറ്റ്-യുജി (NEET-UG) 2026 പുനഃപരീക്ഷ നിലവിലെ പേന-പേപ്പർ രീതിക്ക് പകരം കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) രീതിയിൽ നടത്തണമെന്ന ഹർജി സുപ്രീം കോടതി തള്ളി. പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ച വിവാദവും ഉയർന്ന സാഹചര്യത്തിലാണ് പരീക്ഷ ഓൺലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരുന്നത്.

ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നിലവിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പുനഃപരീക്ഷ നടത്തുന്നതിനുള്ള വലിയ സമ്മർദത്തിലാണെന്നും ഈ ഘട്ടത്തിൽ പരീക്ഷാ രീതി മാറ്റാൻ കോടതി തയ്യാറല്ലെന്നും ബെഞ്ച് വ്യക്തമാക്കി. സമാന ആവശ്യങ്ങൾ ഉന്നയിച്ച ഹർജികൾ മുമ്പും തള്ളിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

മേയ് 3-ന് നടന്ന നീറ്റ്-യുജി പരീക്ഷ ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്ന് മേയ് 12-ന് റദ്ദാക്കിയിരുന്നു. തുടർന്ന് രാജ്യവ്യാപകമായി പുനഃപരീക്ഷ നടത്താൻ തീരുമാനിക്കുകയും ജൂൺ 21-ന് പുതിയ തീയതി പ്രഖ്യാപിക്കുകയും ചെയ്തു. വിഷയത്തിൽ അന്വേഷണം തുടരുകയാണ്. ആർജെഡി എംപിയായ സുധാകർ സിംഗ് ഉൾപ്പെടെയുള്ളവരാണ് ഹർജി നൽകിയത്. പരീക്ഷ ഓൺലൈനായി നടത്തിയാൽ സുരക്ഷ വർധിക്കുമെന്നും ചോദ്യപേപ്പർ ചോർച്ച പോലുള്ള സംഭവങ്ങൾ ഒഴിവാക്കാനാകുമെന്നും ഹർജിക്കാർ വാദിച്ചു.

കൂടാതെ എൻ ടി എ പ്രവർത്തനരീതിയിൽ സമഗ്ര പരിഷ്കാരങ്ങളും ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യത്തിൽ അടിയന്തര ഇടപെടൽ നടത്താൻ കോടതി വിസമ്മതിക്കുകയും ഹർജി ജൂലൈയിൽ വിശദമായ വാദത്തിനായി പരിഗണിക്കാമെന്ന് അറിയിക്കുകയും ചെയ്തു. അതിനാൽ ജൂൺ 21-ലെ പുനഃപരീക്ഷ നിലവിലുള്ള പേന-പേപ്പർ രീതിയിൽ തന്നെ നടക്കും.

അതേസമയം, 2027 മുതൽ നീറ്റ്-യുജി പരീക്ഷ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് എൻ റ്റി എ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. പരീക്ഷാ സുരക്ഷയും സുതാര്യതയും വർധിപ്പിക്കുന്നതിനായാണ് ഈ മാറ്റമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *