വാഹന ഉടമകൾക്ക് ആശ്വാസം; വ്യക്തിഗത വാഹനങ്ങളുടെ രജിസ്ട്രേഷൻ തുകയുടെ 20% റീബേറ്റിനായി ഇപ്പോൾ അപേക്ഷിക്കാം

മെൽബൺ: 2025-2026 സാമ്പത്തിക വർഷത്തിൽ തങ്ങളുടെ വ്യക്തിഗത വാഹനങ്ങളുടെ രജിസ്ട്രേഷൻ തുക അടച്ച വിക്ടോറിയയിലെ വാഹന ഉടമകൾക്ക് 20 ശതമാനം തുക റീബേറ്റായി (Rebate) തിരികെ ലഭിക്കാൻ അപേക്ഷിക്കാം. നിലവിൽ തങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ട് ലൈറ്റ് വാഹനങ്ങൾക്ക് (Light vehicles) വരെ ഇത്തരത്തിൽ തുക തിരികെ ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

കാറുകൾ, വാഗണുകൾ (4WD), സ്റ്റേഷൻ വാഗണുകൾ, മോട്ടോർ സൈക്കിളുകൾ, യൂട്ടിലിറ്റി വാഹനങ്ങൾ (Utes), ലൈറ്റ് വാനുകൾ, ചെറുകിട ട്രക്കുകൾ തുടങ്ങി 4.5 ടണ്ണിൽ താഴെ ഭാരമുള്ള എല്ലാ വ്യക്തിഗത വാഹനങ്ങളും ഈ ആനുകൂല്യത്തിന് അർഹമാണ്. സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ ആവശ്യങ്ങൾക്കായുള്ള വാഹനങ്ങൾക്കും (Sole traders) ഈ തുക ലഭിക്കും. എന്നാൽ കമ്പനികളുടെയോ മറ്റ് സംഘടനകളുടെയോ പേരിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് ഈ ആനുകൂല്യം ലഭ്യമാകില്ല.

ജൂൺ 1 മുതൽ ജൂലൈ 31 വരെയാണ് ഇതിനായി അപേക്ഷിക്കാനുള്ള സമയം. സർവീസ് വിക്ടോറിയ (Service Victoria) വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷിക്കുന്നതിനായി സർവീസ് വിക്ടോറിയ അക്കൗണ്ട് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. അപേക്ഷയോടൊപ്പം വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ, ഡ്രൈവർ ലൈസൻസ് നമ്പർ അല്ലെങ്കിൽ വിക്റോഡ്സ് (VicRoads) കസ്റ്റമർ നമ്പർ, തുക തിരികെ ലഭിക്കേണ്ട ഓസ്‌ട്രേലിയൻ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ നൽകേണ്ടതുണ്ട്.

അപേക്ഷകൾ പരിശോധിച്ച് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് 30 ദിവസത്തിനകം തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് എത്തും. ഒരു വ്യക്തിഗത വാഹനത്തിന് പരമാവധി 186 ഡോളർ വരെയാണ് ഇത്തരത്തിൽ തിരികെ ലഭിക്കുക. രജിസ്ട്രേഷൻ തുക തവണകളായി (Instalments) അടയ്ക്കുന്നവർക്കും പൂർണ്ണമായ വാർഷിക തുകയുടെ അടിസ്ഥാനത്തിൽ ഈ റീബേറ്റിനായി അപേക്ഷിക്കാമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 132 842 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *