ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കാൻ ആഹ്വാനം ചെയ്ത് സ്ഥാനമൊഴിയുന്ന മൊസാദ് തലവൻ ഡേവിഡ് ബാർണിയ

ടെൽ അവീവ്:ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ താഴെയിറക്കാനുള്ള ദൗത്യത്തിൽ നിന്ന് ഇസ്രായേലും രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദും (Mossad) പിന്നോട്ട് പോകരുതെന്ന് സ്ഥാനമൊഴിയുന്ന മൊസാദ് തലവൻ ഡേവിഡ് ബാർണിയ. തന്റെ ഔദ്യോഗിക വിരമിക്കൽ ചടങ്ങിലാണ് ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കുക എന്നത് ഇസ്രായേലിന് സാധ്യമാകുന്ന ലക്ഷ്യമാണെന്നും അതിനായി ഏജൻസി പ്രതിജ്ഞാബദ്ധമായി തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടത്.

ഇറാൻ ഒരിക്കലും അണുആയുധം കൈക്കലാക്കില്ലെന്ന് താൻ മുൻപ് ഉറപ്പുനൽകിയിരുന്നതായി ബാർണിയ ഓർമ്മിപ്പിച്ചു. നിലവിലെ യുദ്ധസാഹചര്യങ്ങൾക്ക് പിന്നാലെ ഇറാൻ ഭരണകൂടം ചരിത്രത്തിലെ ഏറ്റവും ദുർബലവും പരിക്കേറ്റതുമായ അവസ്ഥയിലാണ് ഉള്ളത്. ഇസ്രായേലിനെ നശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ഭരണകൂടത്തിന് തിരിച്ചടി നൽകാനും ഈ ദൗത്യം പൂർത്തിയാക്കാനും ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനിലെ നിലവിലെ യാഥാർത്ഥ്യങ്ങളിൽ മാറ്റം വരുത്താൻ ഭരണമാറ്റത്തിലൂടെ സാധിക്കുമെന്നാണ് താൻ ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാൽ ഈ ലക്ഷ്യം കൈവരിക്കുന്നതിന് കടുത്ത ദീർഘവീക്ഷണവും ദൃഢനിശ്ചയവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അഞ്ചര വർഷത്തെ സേവനത്തിന് ശേഷം ജൂണിൽ ബാർണിയ ഔദ്യോഗികമായി സ്ഥാനമൊഴിയുമ്പോൾ മേജർ ജനറൽ റോമൻ ഗോഫ്മാൻ (Roman Gofman) പുതിയ മൊസാദ് തലവനായി ചുമതലയേൽക്കും.

പുതിയ മേധാവിയുടെ നിയമനവുമായി ബന്ധപ്പെട്ട് മുൻപ് ചില തർക്കങ്ങളും സുപ്രീം കോടതി ഇടപെടലുകളും ഉണ്ടായിരുന്നെങ്കിലും, ഗോഫ്മാന്റെ നേതൃത്വത്തിന് പൂർണ്ണ പിന്തുണ നൽകാൻ ഏജൻസിയിലെ ഉദ്യോഗസ്ഥരോട് ബാർണിയ ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിൽ മൊസാദിന് വലിയ ഉത്തരവാദിത്തങ്ങളാണ് മുന്നിലുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *