ന്യൂഡൽഹി: നീറ്റ്-യുജി (NEET-UG) പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാജ്യത്ത് ശക്തമായി തുടരുന്നതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ഭരണകക്ഷിയായ എൻഡിഎയുടെ (NDA) വോട്ടർമാരും ആവശ്യപ്പെടുന്നതായി സർവേ ഫലങ്ങൾ. പ്രമുഖ ഏജൻസിയായ സി-വോട്ടർ (Cvoter) നടത്തിയ പുതിയ സർവേയിലാണ് ഭരണപക്ഷ അനുകൂലികളിൽ ഭൂരിഭാഗവും വിദ്യാഭ്യാസ മന്ത്രിക്കെതിരെ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
സർവേയിൽ പങ്കെടുത്ത എൻഡിഎ വോട്ടർമാരിൽ 58 ശതമാനം പേരും വിദ്യാഭ്യാസ മന്ത്രി സ്ഥാനമൊഴിയണമെന്ന അഭിപ്രായക്കാരാണ്. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യത തകർന്നതിൽ മന്ത്രിക്കും മന്ത്രാലയത്തിനും ഉത്തരവാദിത്തമുണ്ടെന്നാണ് ഇവരുടെ വിലയിരുത്തൽ.പൊതുജനങ്ങളിൽ ഭൂരിഭാഗവും ഇതേ നിലപാടാണ് പങ്കുവെക്കുന്നത്. സർവേയിൽ പങ്കെടുത്ത ആകെ ആളുകളിൽ 66 ശതമാനം പേരും ധർമേന്ദ്ര പ്രധാൻ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ 21 ശതമാനം പേർ മാത്രമാണ് അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടരണമെന്ന അഭിപ്രായം രേഖപ്പെടുത്തിയത്. ബാക്കിയുള്ളവർ കൃത്യമായ മറുപടി നൽകിയില്ല.പരീക്ഷകൾ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പൂർണ്ണമായി പിരിച്ചുവിടണമെന്ന ആവശ്യത്തിനും സർവേയിൽ വലിയ പിന്തുണ ലഭിച്ചിട്ടുണ്ട്.
പരീക്ഷാ പേപ്പർ ചോർച്ചയും തുടർച്ചയായ ക്രമക്കേടുകളും കാരണം നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെട്ടതായി ജനങ്ങൾ കരുതുന്നു.ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്കായി പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഭാവി വെച്ചാണ് കേന്ദ്ര സർക്കാർ ഒത്തുകളിക്കുന്നതെന്നും മന്ത്രി രാജിവെക്കും വരെ സമരം തുടരുമെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
പ്രതിപക്ഷ പാർട്ടികൾക്ക് പുറമേ, ഭരണപക്ഷത്തെ അനുകൂലിക്കുന്ന വോട്ടർമാരിൽ പോലും വലിയൊരു വിഭാഗം വിദ്യാഭ്യാസ മന്ത്രിക്കെതിരെ രംഗത്തെത്തിയത് കേന്ദ്ര സർക്കാരിനും ബിജെപിക്കും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വരാനിരിക്കുന്ന പുനഃപരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കുക എന്നത് നിലവിൽ കേന്ദ്ര സർക്കാരിനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും കടുത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

