ചെന്നൈ: തമിഴ്നാട് ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടാനൊരുങ്ങുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും അണ്ണാമലൈ രാജി പ്രഖ്യാപിക്കുകയെന്നാണ് റിപ്പോർട്ടുകൾ.
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീനും സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷുമായി അണ്ണാമലൈ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുണ്ട്. പാർട്ടി വിടാനുള്ള തീരുമാനം വിശദീകരിക്കുന്ന രാജിക്കത്ത് അദ്ദേഹം നേതൃത്വത്തിന് കൈമാറിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനാണ് അണ്ണാമലൈയുടെ നീക്കമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്രാദേശിക അടിത്തറയുള്ളതും ദേശീയ കാഴ്ചപ്പാടുള്ളതുമായ ഒരു പുതിയ രാഷ്ട്രീയ വേദി അടുത്ത മാസങ്ങളിൽ പ്രഖ്യാപിക്കാനാണ് ആലോചനയെന്നാണ് വിവരം. തമിഴ്നാട്ടിൽ ബിജെപി–എഐഎഡിഎംകെ സഖ്യവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലെ ഭിന്നതകളുമാണ് അണ്ണാമലൈയുടെ നീക്കത്തിന് പിന്നിലെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ ഇക്കാര്യത്തിൽ അണ്ണാമലൈയോ ബിജെപി നേതൃത്വമോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
അണ്ണാമലൈയുടെ ഭാവി രാഷ്ട്രീയനീക്കങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായിരിക്കെ, അടുത്ത ദിവസങ്ങളിലെ അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങൾ തമിഴ്നാട്ടിലെ രാഷ്ട്രീയ രംഗത്ത് നിർണായക ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.

