ജെൻസികൾക്കും 2K പ്രേമികൾക്കും ആഘോഷിക്കാൻ വീണ്ടും അല്ലുവിന്റെ ഹാപ്പി ബി ഹാപ്പി 

കൊച്ചി: മലയാളികളുടെ പ്രിയങ്കരനായ ‘മല്ലു അർജുൻ’ അല്ലു അർജ്ജുന്റെ കരിയറിലെ എക്കാലത്തെയും വലിയ തരംഗമായിരുന്ന “ഹാപ്പി” വീണ്ടും തിയേറ്ററുകളിലേക്ക്. പുതുതലമുറയിലെ ‘ജെൻസി’കൾക്കും 2K പ്രേമികൾക്കും ഒരുപോലെ ആഘോഷമാക്കാൻ 4K ദൃശ്യമികവിലും അൾട്രാ അറ്റ്‌മോസ് ശബ്ദ സംവിധാന ത്തിലുമായി ജൂൺ 12-നാണ് ചിത്രം റീ-റിലീസിന് ഒരുങ്ങുന്നത്.

അന്യഭാഷാ നടന്മാരിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അല്ലു അർജ്ജുന്റെ ആദ്യകാല വിജയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് എ. കരുണാകരൻ സംവിധാനം ചെയ്ത “ഹാപ്പി”. റിലീസ് ചെയ്ത സമയത്ത് കേരളത്തിലെ തിയേറ്ററുകളിൽ 150 ദിവസത്തിലധികം വിജയകരമായി പ്രദർശിപ്പിച്ച ഈ ചിത്രം, മലയാളി പ്രേക്ഷകർക്കിടയിൽ അല്ലു അർജ്ജുന്റെ ജനപ്രീതി വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു. ഇപ്പോൾ 20 വർഷങ്ങൾക്ക് ശേഷമാണ് ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നത്.

രഥക് ആർട്‌സിന്റെ ബാനറിൽ ഖാദർ ഹസനാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ തീയേറ്ററുകളിൽ വലിയ വിജയം നേടിയ മലയാളം പതിപ്പ് തന്നെയാണ് 4K അൾട്രാ ഇംപാക്റ്റിൽ പുനഃക്രമീകരിച്ച് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്. അല്ലു അർജ്ജുനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്‌പേയി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിലെ യുവാൻ ശങ്കർ രാജയുടെ ഗാനങ്ങളെല്ലാം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്. റീ-റിലീസ് വാർത്ത പുറത്തുവന്നതോടെ വലിയ ആവേശത്തിലാണ് കേരളത്തിലെ അല്ലു അർജ്ജുൻ ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *